തിരുവനന്തപുരം: കേരള ബഡ്ജറ്റ് നിരാശാജനകമെന്ന് വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കൊവിഡിനെ തുടർന്ന് നിരവധി വ്യാപാരികൾ ആത്മഹത്യ ചെയ്തു. ഒട്ടേറെ വ്യാപാരികളും ചെറുകിട വ്യവസായികളും കടബാദ്ധ്യത മൂലം തൊഴിൽ ഉപേക്ഷിച്ചുപോയി. കടക്കെണിയിലായ വ്യാപാരികളെ സഹായിക്കാനുള്ള യാതൊരു നിർദ്ദേശവും ബഡ്ജറ്റിലില്ല.

വ്യാപാരി ക്ഷേമ ബോർഡ് ഉദ്ധാരണത്തിന് യാതൊരു നിർദ്ദേശവും ഉണ്ടായിട്ടില്ല. ബഡ്ജറ്റ് നിരാശജനകവും വ്യാപാര മേഖലയെ തകർക്കുമെന്നും വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയനും സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പനും സംസ്ഥാന ട്രഷറർ ഹബീബും സംസ്ഥാന സെക്രട്ടറി ചേന്തി അനിലും പ്രസ്താവനയിൽ പറഞ്ഞു.