kerala-budget-

തിരുവനന്തപുരം:ഭൂമിയാണ് പുതിയ ബഡ്‌ജറ്റിൽ ഖജനാവിലേക്ക് വരുമാനം കൂട്ടാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. അടിസ്ഥാന ഭൂനികുതി വർദ്ധിപ്പിച്ച് 80 കോടിയും ന്യായവില പത്ത് ശതമാനം വർദ്ധിപ്പിക്കുന്നതിലൂടെ രജിസ്ട്രഷൻ നിരക്ക് കൂടുമ്പോൾ 200 കോടിയുമാണ് പ്രതീക്ഷിക്കുന്ന അധിക വരുമാനം. രജിസ്ട്രേഷൻ വരുമാനം മൊത്തം 4,​000 കോടി കവിയുമെന്നാണ് പ്രതീക്ഷ. ഇത് പ്രാഥമിക കണക്കാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ഭൂനികുതിയായി കിട്ടിയത് 139 കോടിയായിരുന്നു.

 ഭൂനികുതിക്ക് നാല് സ്ലാബുകൾ

നിലവിൽ രണ്ട് സ്ളാബുകളിലാണ് പഞ്ചായത്ത് , മുനിസിപ്പൽ , കോർപ്പറേഷൻ മേഖലകളിൽ ഭൂനികുതി ഈടാക്കുന്നത്. ഇത് നാല് സ്ളാബുകളാക്കും. ലാൻഡ് റവന്യൂ കമ്മിഷണർ പുതിയ സ്ളാബുകൾ ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ ബില്ല് ഉടൻ തയ്യാറാവും.

കൂടുതൽ ഭൂമിയുള്ളവരുടെ നികുതി കാര്യമായി വർദ്ധിക്കും. 2018 ലാണ് അവസാനം ഭൂനികുതി വർദ്ധിപ്പിച്ചത്.

40.47 ആർ ( 1.36 ഏക്കർ )​ ഭൂമിയുള്ളവർ പുതിയ സ്ലാബനുസരിച്ച് പഞ്ചായത്തിൽ 303 രൂപയും മുനിസിപ്പാലിറ്റിയിൽ 607 രൂപയും കോർപ്പറേഷനിൽ 1214 രൂപയും നികുതി നൽകണം. നിലവിൽ ഇത് യഥാക്രമം 202രൂപ,​ 404.70രൂപ,​ 809.40 രൂപയാണ്.

നിലവിലെ സ്ളാബ് (ഒരു ആർ 2.48 സെന്റ്)

പഞ്ചായത്ത്

 8.1 ആർ വരെ..... 2.50 രൂ / ആർ

 8.1 ആറിന് മുകളിൽ... 5 രൂപ /ആർ

മുനിസിപ്പാലിറ്റി

 2.43 ആർ വരെ ..5 രൂപ /ആർ

 2.43 ആറിന് മുകളിൽ ..10 രൂപ /ആർ

കോർപ്പറേഷൻ

 1.62 ആർ വരെ ...10 രൂപ /ആർ

 1.62 ന് മുകളിൽ ..20 രൂ/ആർ

പുതിയ സ്ളാബ് നിർദ്ദേശം

പഞ്ചായത്ത്

 8.1 ആർ വരെ ...2.50 രൂപ /ആർ

 8.1 മുതൽ 20.23 ആർ വരെ 5 രൂപ /ആർ

 20.23 മുതൽ 40.47 ആർ വരെ 7.5 രൂപ /ആർ

 40.47 ആറിന് മുകളിൽ...10 രൂപ /ആർ

മുനിസിപ്പാലിറ്റി

 2.43 ആർ വരെ...5 രൂപ /ആർ

 2.43 മുതൽ 20.23 ആർ വരെ...10 രൂപ/ആർ

 20.23 മുതൽ 40.47 ആർ വരെ..15 രൂപ/ആർ
 40.47 ആറിന് മുകളിൽ 20 രൂപ / ആർ

കോർപ്പറേഷൻ

 1.62 ആർ വരെ 10 രൂപ /ആർ
 1.62 മുതൽ 20.23 ആർ വരെ 20 രൂപ / ആർ

 20.23 മുതൽ 40.47 ആർ വരെ 30 രൂപ /ആർ
 40.47 ആറിന് മുകളിൽ 40 രൂപ / ആർ

 രജിസ്ട്രേഷൻ വരുമാനം ഭീമം

കൊവിഡ് പ്രതിസന്ധിയിലും ഭൂമി രജിസ്ട്രേഷൻ വരുമാനം ഗണ്യമായി വർദ്ധിച്ചിരുന്നു. ന്യായവില കൂട്ടുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് വർദ്ധിച്ച് വരുമാനം 4,000 കോടി കവിയും എന്നാണ് കരുതുന്നത്.

നടപ്പുസാമ്പത്തിക വർഷം ഫെബ്രുവരി വരെ 673 കോടിയാണ് മുൻ വർഷത്തേക്കാൾ രജിസ്ട്രേഷൻ വരുമാനം കൂടിയത്.

രജിസ്ട്രേഷൻ വരുമാനം (കോടിയിൽ)

 2018 -19...........3316.08

 2019 - 20....... 3239.29

 2020 - 21...........3130.32

2021- 22 (ഫെബ്രുവരി വരെ)..3803.92

 ന്യായവില പുതുക്കൽ സങ്കീർണം

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് 30 ലേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. തരം മാറ്റുന്ന വസ്തുവിന്റേതുൾപ്പെടെ ന്യായ വില പുതുക്കണം. 2010ലാണ് അവസാനമായി ന്യായവില നിശ്ചയിച്ചത്. ഓരോ വർഷവും അന്നത്തെ വിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിക്കുകയാണ് പതിവ്. 2010ലെ ന്യായവിലയുടെ ഏതാണ്ട് ഇരട്ടിയാണ് ഇപ്പോൾ.