
തിരുവനന്തപുരം: യുദ്ധ പ്രതിസന്ധിയിൽ നിന്ന് അതിജീവനം നേടുന്നവരുടെ കാഴ്ചകളൊരുക്കുന്ന എട്ട് ചിത്രങ്ങളാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തുന്നത്. അഫ്ഗാനിസ്ഥാൻ, കുർദ്ദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിംഗ് കോൺഫ്ളിക്ട് എന്ന വിഭാഗത്തിലുള്ളത്. 18 മുതൽ 25 വരെയാണ് മേള.
മൂന്ന് ഗർഭിണികളുടെ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിലുള്ള സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിന്റെ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീദ് മഹ്മൗദിയുടെ ഡ്രൗണിംഗ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബർമാകിന്റെ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
ഹിനെർ സലീം സംവിധാനം ചെയ്ത കിലോമീറ്റർ സീറോ, ബഹ്മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിലുണ്ട്.
നവാഗതനായ മൗങ് സൺ സംവിധാനം ചെയ്ത മണി ഹാസ് ഫോർ ലെഗ്സ്, ത്രില്ലർ ചിത്രങ്ങളായ സ്‌ട്രേഞ്ചേഴ്സ് ഹൗസ്, ത്രീ സ്‌ട്രേഞ്ചേഴ്സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാൻമർ ചിത്രങ്ങൾ.