
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ സർവീസ് പെൻഷൻകാർക്ക് ജനുവരി മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം സംബന്ധിച്ച് യാതൊരു തീരുമാനവും പ്രഖ്യാപിക്കാത്ത നടപടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പും ജനറൽ സെക്രട്ടറി എം.പി. വേലായുധനും പ്രതിഷേധിച്ചു. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി 14ന് പ്രതിഷേധ പ്രകടനം നടത്താൻ പെൻഷൻകാരോട് ആഹ്വാനം ചെയ്തു.
ബഡ്ജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചു :ഡി.എ.പി.സി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ വികലാംഗ പെൻഷൻ പോലും വർദ്ധിപ്പിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ഡിഫറെൻലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ പ്രസ്താവിച്ചു. സമൂഹത്തിൽ അവശതയും ദുരിതവും അനുഭവിക്കുന്നവരുടെ ക്ഷേമ പുനരധിവാസ വികസനപദ്ധതികൾക്ക് പോലും വേണ്ടത്ര തുക ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഡ്ജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് യുവമോർച്ച
തിരുവനന്തപുരം:വിശ്വാസയോഗ്യമല്ലാത്ത പ്രഖ്യാപനങ്ങൾ എന്നതിലുപരി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ ഒരു നിർദ്ദേശവും ഇല്ലാത്ത ബഡ്ജറ്റിൽ ഭാരതീയ ജനതായുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രപദ്ധതികളെ പേര് മാറ്റി വികലമായി അവതരിപ്പിക്കൽ മാത്രമാണിതിലുള്ളത്.കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഒരു മാറ്റവും ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.