
തിരുവനന്തപുരം: ക്ഷീര കർഷകർ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ മിൽമയ്ക്ക് നൽകുന്ന പാൽ ലിറ്റർ ഒന്നിന് ഒരു രൂപ വീതം ഇൻസെന്റീവ് നൽകാൻ മിൽമ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ കെ.എസ്. മണി അറിയിച്ചു. മാർച്ച് ഒന്ന് മുതൽ 31 വരെയാണ് ഇൻസെന്റീവ് ലഭിക്കുക.
ഡിസംബർ മുതൽ മിൽമ ഗോമതി റിച്ച് കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 25 രൂപയും മിൽമ ഗോൾഡിന് ചാക്കൊന്നിന് 70 രൂപയും ഡിസ്‌ക്കൗണ്ട് നൽകി വരുന്നതിനു പുറമേയാണിത്. മേഖലായൂണിയനുകൾ നൽകിവരുന്ന അധിക പാൽ വിലയ്ക്കും വേനൽക്കാല ആനുകൂല്യങ്ങൾക്കും ഒപ്പം ഫെഡറേഷൻ വഴി ഇതാദ്യമായാണ് മിൽമ സംഘങ്ങൾക്ക് ഇൻസെന്റീവ് നൽകുന്നത്.
2021-22 വർഷത്തിൽ കാലിത്തീറ്റയുടെ കൂപ്പൺ ഡിസ്‌ക്കൗണ്ടായി മൂന്നു കോടി രൂപയും വില്പനവിലയിലെ ഡിസ്‌ക്കൗണ്ടായി 4.3 കോടിയും ഫെഡറേഷൻ നൽകിയിട്ടുണ്ട്. ഇൻസെന്റീവായി ഏകദേശം 4.5 കോടി രൂപ മേഖലായൂണിയനുകൾ വഴി ക്ഷീരകർഷകരിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്രകാരം നടപ്പുവർഷത്തിൽ ഏതാണ്ട് 11.8 കോടിയോളം രൂപ കൊവിഡ് മഹാമാരിമൂലം ബുദ്ധിമുട്ടിയ ക്ഷീരകർഷകർക്ക് സഹായമായി നൽകുന്നതിന് സംസ്ഥാന ഫെഡറേഷന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ അറിയിച്ചു.