g

പത്തനാപുരം: തലവൂർ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറെ ശകാരിച്ചതല്ലെന്നും പരിഭവം പറഞ്ഞതാണെന്നും കെ.ബി. ഗണേശ് കുമാർ എം.എൽ.എ. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണാജോർജ് പങ്കെടുത്ത ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് മന്ത്രി​ മുൻ സംഭവം വിശദീകരിച്ചത്. ഇതുമായി​ ബന്ധപ്പെട്ട് ഒരാൾക്കുമെതിരെ നടപടിയെടുക്കരുതെന്ന് മന്ത്രിയോട് പ്രസംഗത്തി​നി​ടെ എം.എൽ.എ അഭ്യർത്ഥിച്ചു. എന്നാൽ, സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തുവന്ന യൂണിയൻ നേതാക്കൾ അലവലാതികളാണെന്നും അവരുടെ ഉദ്ദേശ്യം വേറെയാണെന്നും എം.എൽ.എ പരിഹസിച്ചു.

പുതുതായി 150 ഡോക്ടർമാരെ നിയമിച്ചാൽ അവർ ആശുപത്രിയിലെ കക്കൂസ് കഴുകുമോ? ഇത്തരക്കാർ പുര കത്തുമ്പോൾ വാഴവെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ പേവാർഡ് നവീകരിക്കാനും കൂടുതൽ ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കാനും തുക അനുവദിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു.

അതിനിടെ, മെഡിക്കൽ ഓഫീസറെ ശകാരിച്ച എം.എൽ.എയുടെ നടപടിയോട് പ്രതികരിച്ച ആയുർവേദ ഡോക്ടർമാരുടെ സംഘടനാ നേതാക്കളെ അലവലാതികൾ എന്ന് അധിക്ഷേപിച്ചതിൽ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബിയും ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദുർഗ്ഗ പ്രസാദും പ്രതിഷേധിച്ചു. സാംസ്കാരിക കേരളത്തിൽ ജനപ്രതിനിധികൾക്ക് യോജിക്കാത്ത ഭാഷയാണ് ഗണേശ് കുമാറിന്റേതെന്ന് അവർ കുറ്റപ്പെടുത്തി.