തിരുവനന്തപുരം: വർക്കലയിൽ തീപിടിത്തത്തിൽ മരിച്ച പ്രതാപനെന്ന നാട്ടുകാരുടെ ബേബിയെയും കുടുംബത്തിനെയും അവസാനമായി ഒരുനോക്ക് കാണാൻ പുത്തൻചന്ത ജംഗ്ഷനിൽ സുഹൃത്തുക്കളും വ്യാപാരികളും തടിച്ചുകൂടി. ഇന്നലെ രാവിലെ 9 മുതൽ പുത്തൻചന്തയിലെ പ്രതാപന്റെ പച്ചക്കറി മൊത്തവിതരണ കടയായ ആർ.പി.എന്നിന് മുന്നിൽ തൊഴിലാളികളും വ്യാപാരികളും അടക്കമുള്ളവർ എത്തിത്തുടങ്ങിയിരുന്നു. പലരും കരച്ചിലടക്കി കടമുറിക്കു മുന്നിൽ മണിക്കൂറുകൾ കാത്തിരുന്നു. തുടർന്ന് അഞ്ച് ആംബുലൻസുകളിലായി പ്രതാപന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ പുത്തൻചന്തയിലെത്തിച്ചു. 15 മിനിട്ടോളം അവിടെ പൊതുദ‌ർശനമുണ്ടായിരുന്നു. അവിടെ കൂടിയിരുന്നവർ ആംബുലൻസിന്റെ ചില്ലുകൾവഴി പ്രതാപനെയും കുടുംബത്തെയും അവസാനമായി ഒരു നോക്കുകൂടി കണ്ടു. ഇതിനിടയിൽ പലരും വിങ്ങിപ്പൊട്ടി. ആൾക്കൂട്ടം ഏറിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. വിലാപയാത്രയായാണ് മൃതദേഹങ്ങൾ പന്തുവിളയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് വിലാപയാത്ര വീടിന് അര കിലോമീറ്റർ അകലെയെത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും വ്യാപാരികളുമായി നൂറോളം പേ‌ർ കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു.