തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യമേഖലയ്‌ക്ക് മാത്രമേ കൈമാറുകയുള്ളൂവെന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എച്ച്.എൽ.എൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എ.സമ്പത്തും ജനറൽ സെക്രട്ടറി എസ്.പി. ദീപക്കും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം മനസിലാക്കി കേന്ദ്രസർക്കാർ ലേല നടപടികളിൽ പങ്കെടുക്കാൻ കേരളത്തെ അനുവദിക്കണം. പൊതുമേഖലയുടെ വികസനം മുന്നിൽകണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറിയ ഭൂമിയിലാണ് എച്ച്.എൽ.എൽ പ്രവർത്തനം ആരംഭിക്കുന്നത്. എച്ച്.എൽ.എല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്‌തുവകകളും കേരളത്തിന് വിട്ടു നൽകുകയോ അല്ലെങ്കിൽ അതിന്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണം.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.സമ്പത്തും എസ്.പി. ദീപക്കും പറഞ്ഞു.