pic1

 അന്വേഷണം കേരളത്തിലേക്കും

നാഗർകോവിൽ: കഴിഞ്ഞമാസം 18ന് കന്യാകുമാരി റെയിൽവേ സ്റ്റേഷനടുത്ത് നാലുവരിപ്പാതയുടെ പാലത്തിന് താഴെ കഴുത്തിന് വെട്ടേറ്റ് മിരച്ച നിലയിൽ കണ്ടെത്തിയ യുവാവ് അന്യസംസ്ഥാന തൊഴിലാളിയെന്ന് പൊലീസ് നിഗമനം. 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കന്യാകുമാരി പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ശരവണകുമാർ, സുരേഷ് കുമാർ, മഹേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കെ.എസ്.ആർ.ടി.സി ടിക്കറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടയാളെ സി.സി ടിവിയുടെ സഹായത്താലാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്നാൽ പേരുവിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാൾ കഴിഞ്ഞമാസം 16ന് രാവിലെ 9ന് വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് തമ്പാനൂരിൽ വന്നിറങ്ങിയശേഷം അന്ന് വൈകിട്ടുതന്നെ തിരികെ വടശ്ശേരി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന സി.സി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആളാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അതോടൊപ്പം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം ഊ‌ർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 ഫോട്ടോ: വടശ്ശേരി ബസ് സ്റ്റാൻഡിലെ സി.സി ടിവിയിൽ പതിഞ്ഞ കൊല്ലപ്പെട്ടയാളുടെ ദൃശ്യം