തിരുവനന്തപുരം: പേട്ടയിലെ മൃഗാശുപത്രിയിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ മേൽക്കൂരയും അകത്ത് സൂക്ഷിച്ചിരുന്ന മരുന്നുകളും, ഇലക്ട്രിക് ഉപകരണങ്ങളുമടക്കം കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 2.45നായിരുന്നു സംഭവം. ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി ഒന്നര മണിക്കൂർ കൊണ്ടാണ് തീ കെടുത്തിയത്. 11 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
മരുന്നുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിൽ നിന്നായിരിക്കാം തീ പടർന്നതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സമീപത്തെ ക്ഷേത്രത്തിലെ പാചകക്കാരനാണ് തീ പടരുന്നത് കണ്ടത്. വിവരമറിയിച്ചതനുസരിച്ച് ഉടൻ ഫയർഫോഴ്സെത്തി കെട്ടിടത്തിന്റെ മറ്റ് മുറികളിലേക്കും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരണത്തിനായി കൊണ്ടുവന്ന 19 തെരുവ് നായ്ക്കളും തൊട്ടടുത്ത കെട്ടിടത്തിൽ ഉണ്ടായിരുന്നു. മൃഗങ്ങൾക്ക് കുഴപ്പമൊന്നുമില്ല.
100 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇൗ കെട്ടിടം. 15 ലക്ഷം രൂപ ചെലവിട്ട് ഓടിട്ട കെട്ടിടത്തിന്റെ നവീകരണം പൂർത്തിയാക്കിയിട്ട് ദിവസങ്ങളേയായുള്ളൂ.

പേ വിഷബാധയ്ക്കുള്ള വാക്സിൻ, മറ്റ് മരുന്നുകൾ, കംപ്യൂട്ടറുകൾ, ഫ്രിഡ്ജുകൾ, അലമാരകൾ എന്നിവയടക്കം അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം കെട്ടിടത്തിനും വരുമെന്നാണ് കണക്ക്. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥരും കെട്ടിടം പരിശോധിച്ചു. തീപിടിത്തത്തോടെ മൃഗാശുപത്രിയുടെ പ്രവർത്തനം തടസപ്പെട്ടു. കുടിവെള്ള, വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിച്ചാൽ ഈ കെട്ടിടത്തിന്റെ പിൻവശത്തുള്ള മുറികളിൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിക്കാമെന്ന് കൗൺസിലർ സി.എസ്. സുജാദേവി പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദർശിച്ച ശേഷം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.