വെഞ്ഞാറമൂട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി നേതാവിനെ കാർ ഇടിച്ചിട്ടു. ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ അശോകനാണ് (52) അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പിരപ്പൻകോട് നിന്ന് വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് പോകുന്നവഴി കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. ബൈക്ക് കാറിന്റെ ഒരു വശത്ത് ഉടക്കി 50 മീറ്ററോളം യാത്രക്കാരനുമായി മുന്നോട്ട് പോയി. എന്നിട്ടും ഇടിച്ചിട്ട കാർ നിറുത്താതെ അമിത വേഗത്തിൽ ഓടിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.

വിവരം അറിയിച്ചതനുസരിച്ച് പൊലീസ് റോഡിൽ ഇറങ്ങിയെങ്കിലും വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് ഈ കാർ എത്തിയില്ല. തുടർന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. നിയമവിരുദ്ധമായ സാധനങ്ങളുമായി പോയ വാഹനമാണെന്ന് സംശയിക്കുന്നുവെന്നും വ്യാപകമായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.