
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാടേ തകർന്നടിഞ്ഞതോടെ അതിന്റെ പേരിൽ കേരളത്തിലെ പാർട്ടിയിലും നേതാക്കളെ കേന്ദ്രീകരിച്ച് ഒളിപ്പോര് മുറുകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കേരളത്തിലെ പാർട്ടിയിൽ പിടിമുറുക്കിയ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഉന്നമിട്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ആക്രമണം. പല നേതാക്കളുടെയും പേരിൽ പ്രചരിക്കുന്ന ഫാൻസ് ഗ്രൂപ്പുകൾ വഴിയാണ് ഒളിഞ്ഞും തെളിഞ്ഞും ആക്രമണവും പരിഹാസവും കൊഴുക്കുന്നത്. ഇത് അതിര് കടന്നതോടെ നിൽക്കക്കള്ളിയില്ലാതെ കെ.സി. വേണുഗോപാലിനെ പ്രതിരോധിച്ച് മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി.
ഫേസ്ബുക് വഴിയുള്ള ആക്രമണങ്ങൾക്ക് പുറമേ വേണുഗോപാലിന്റെ ജില്ലയായ കണ്ണൂരിലടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ അദ്ദേഹത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇന്ന് ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരാനിരിക്കെ വേണുഗോപാലിന് സ്വന്തം സംസ്ഥാനത്ത് പോലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ പിന്തുണയുമായി ഇറങ്ങിയത്.
രമേശ് ചെന്നിത്തല ഫാൻസ് ഗ്രൂപ്പിൽ നിന്നാണ് വേണുഗോപാലിനെതിരായ വിമർശനങ്ങളിൽ ഏറെയും. ആക്രമണം രൂക്ഷമാവുകയും ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം കെ. സുധാകരൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസെന്നും ശക്തമായ തിരിച്ചുവരവിനുള്ള നടപടികൾ ഇന്നത്തെ പ്രവർത്തകസമിതിയിൽ പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞത് വേണുഗോപാലിനെ ലാക്കാക്കിയാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. വേണുഗോപാലിനെതിരായ പടനീക്കം ഡൽഹിയിൽ ജി-23 നേതാക്കൾ ശക്തമാക്കിയിരിക്കെയാണ് രമേശിന്റെ പ്രതികരണവും ചർച്ചയായത്.