stephan-raj

തിരുവനന്തപുരം: വലിയതുറ പൊലീസ് സ്‌റ്റേഷനിലെ വാഹനം കല്ലെറിഞ്ഞ് തകർത്ത കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ ജാമ്യം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അറസ്റ്റുചെയ്തു. വലിയതുറ ഡോൺ ബോസ്‌കോ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന സ്‌റ്റെഫാൻ രാജ് (21)​ ആണ് അറസ്‌റ്റിലായത്. നവംബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സ്റ്റെഫാൻ വലിയതുറ സ്റ്റേഷനിൽ ഹാജരായി. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു. ഇതിനെതിരെ പൊലീസ് ജില്ലാ കോടതിയിൽ റിവിഷൻ ഹർജി നൽകി. ഈ കേസിലെ രണ്ടാംപ്രതിയായ സൂരജ് ജുഡിഷ്യൽ കസ്‌റ്റഡിയിലാണ്. കഴിഞ്ഞയാഴ്ച സ്റ്രെഫാനും സംഘവും സ്‌കൂൾ കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനിടെ വലിയതുറ പൊലീസിന്റെ പിടികൂടി റിമാൻഡ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. അതിനിടെയാണ് ആദ്യ കേസിൽ ജില്ലാ കോടതി സ്റ്റെഫാന്റെ ജാമ്യം റദ്ദാക്കിയതും പുതിയ വാറണ്ട് പുറപ്പെടുവിച്ചതും. ശംഖുംമുഖം അസിസ്‌റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വലിയതുറ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്റ്റെഫാനെ വീണ്ടും അറസ്‌റ്റുചെയ്തത്.