1

* സ്ഥലത്ത് സംഘർഷം. ഏഴോളം പേർക്ക് പരിക്ക്

പോത്തൻകോട്: നിർദിഷ്ട അർദ്ധ അതിവേഗ പാതയുടെ ഭാഗമായി സ്ഥലം സർവേ നടത്തി അതിര് തിരിച്ച് കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും സർവേയ്‌ക്കായി കൊണ്ടുവന്ന ഉപകരണങ്ങൾ എടുത്തുകൊണ്ട് പോവുകയും ചെയ്തു. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും സ്ത്രീകൾ ഉൾപ്പെടെ ഏഴോളം പ്രതിഷേധക്കാർക്കും പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. സർവേ ഉപകരണങ്ങൾ തിരികെ വാങ്ങാൻ പൊലീസ് നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇന്നലെ വൈകിട്ട് മുരുക്കുംപുഴ വെയിലൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലാണ് സംഭവം. വെയിലൂർ പള്ളിയിൽ കല്ലിടാൻ കെ-റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്ന് അറിഞ്ഞു ഇന്നലെ രാവിലെ മുതലേ പള്ളിക്കുമുന്നിൽ നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടിയിരുന്നു.സമര സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറിലേറെ പേർ സ്ഥലത്ത് പ്രകടനം നടത്തി.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മംഗലപുരം സി.ഐ.സജീഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നിറുത്തിവച്ചു വൈകിട്ട് അഞ്ചരയോടെ ഉദ്യോഗസ്ഥർ മടങ്ങി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വെയിലൂർ വില്ലേജ് ഉൾപ്പെടുന്ന പ്രദേശത്ത് കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അറസ്റ്റിലായവരെ വൈകിട്ട് 6 മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്‌ച രാവിലെ കല്ലിടൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ എന്തുവിലകൊടുത്തും കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.