തിരുവനന്തപുരം: പൈപ്പ് ലൈൻ പണിക്കായി വാട്ടർ അതോറിട്ടി റോഡ് അടച്ചതോടെ വലഞ്ഞത് വാഹന യാത്രക്കാർ. ഉപ്പിടാംമൂട് പാലത്തിൽ നിന്ന് ആയു‌ർവേദ കോളേജിലേക്കും പുളിമൂട്ടിലേക്കും പോകുന്ന റോഡുകൾ സംഗമിക്കുന്ന ഭാഗമാണ് ഇന്നലെ അധികൃതർ അടച്ചത്. റോഡിന് വശത്ത് പൈപ്പുകൾ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാലാണ് റോഡ് അടച്ചത്. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചോടെ ഉപ്പിടാംമൂട് നിന്ന് പുളിമൂട്ടിലേക്ക് പോകേണ്ട യാത്രക്കാരും ആയുർവേദ കോളേജ് ഭാഗത്തേക്ക് പോകേണ്ടവരും വലഞ്ഞു. പുളിമൂട് ഭാഗത്ത് നിന്ന് ഉപ്പിടാംമൂട്ടിലേക്ക് വന്നവരും ബുദ്ധിമുട്ടിലായി. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. രാത്രിയോടെ പൈപ്പ് പണി പൂർത്തിയാക്കി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തു.