കിളിമാനൂർ: കെ ഫോൺ കേബിളുകൾ വാഹനങ്ങൾ കയറി നശിക്കുന്നു. കുറവൻ കുഴിയിൽ നിന്ന് അടയമണിലേക്ക് ഇലക്ട്രിക് പോസ്റ്റുകളിലൂടെ സ്ഥാപിച്ചിരുന്ന കേബിളുകളാണ് ഭാരംകൂടിയ ലോറികളും മറ്റും കയറി നശിക്കുന്നത്. കെ ഫോൺ പദ്ധതിപ്രകാരം കേബിളുകൾ സ്ഥാപിച്ചതിന്റെ പിറ്റേദിവസം തന്നെ കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിയിരുന്നു. തുടർന്ന് ഈ പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന കേബിളുകളാണ് ഇപ്പോൾ ഒന്നരമാസമായി റോഡിൽ കിടക്കുന്നത്. കെ.എസ്.ഇ.ബി അധികൃതരും, കെ ഫോൺ കേബിൾ കരാർ എടുത്തിരിക്കുന്നവരും തമ്മിൽ ധാരണയുണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ കേബിൾ നശിക്കില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കനാറ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് മലകൾക്കിടയിലൂടെ കടന്നു പോകുന്ന കെ.വി ലൈൻ മഴക്കാലത്ത് പലപ്പോഴും പൊട്ടിവീഴുന്നത് പതിവാണെന്നും ഇക്കാരണത്താൽ ഈ ലൈൻ മെയിൻ റോഡിലൂടെ വലിക്കുന്നതിന്റെ ഭാഗമായി പെട്ടെന്നുണ്ടായ അദാലത്തിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റിയതാണെന്നും പോസ്റ്റുമാറ്റിയ ഉടൻ കെ ഫോൺ അധികൃതരെ അറിയിച്ചിരുന്നതായും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ കേബിളുകൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുകയാണന്നും അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് കുമാർ അറിയിച്ചു.