
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷമായി 54 ഹയർ സെക്കൻഡറി ബാച്ചുകൾ പ്രവർത്തിക്കുന്നത് സ്ഥിരാദ്ധ്യാപകരില്ലാതെ. 2014 മുതൽ 16 വരെ ആരംഭിച്ച 27 ഗവ. സ്കൂളുകളിലെയും 27 എയ്ഡഡ് സ്കൂളുകളിലെയും ഹയർ സെക്കൻഡറി ബാച്ചുകളിലാണ് 324 അദ്ധ്യാപകർ സ്ഥിരം നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നത്.
ഒരു ബാച്ചിൽ തുടർച്ചയായി മൂന്ന് വർഷം 50 കുട്ടികൾ വേണമെന്ന സർക്കാർ നിബന്ധനയാണ് തസ്തിക രൂപീകരണത്തിന് തടസമായത്. എന്നാൽ, നിലവിൽ ഈ നിബന്ധനകൾ പാലിച്ച ഏതാണ്ട് 12 സ്‌കൂളുകളിലും തസ്തിക അനുവദിക്കുന്നില്ല. ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നുണ്ടെങ്കിലും ,സ്ഥിരം ജോലി ലഭിക്കുന്നതോടെ അവർ മടങ്ങുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാർ എറണാകുളം പിറവത്തെ ഒരു എയ്ഡഡ് സ്‌കൂളിൽ മാത്രമാണ് തസ്തിക അനുവദിച്ചത്. നിബദ്ധനകൾ പാലിച്ച മറ്റു സ്‌കൂളുകളുടെ നിവേദനകളും അപേക്ഷകളും പരിഗണിച്ചിട്ടില്ല.
ഈ ബാച്ചുകളിൽ ജോലിക്ക് കയറിയ അദ്ധ്യാപകർ കഴിഞ്ഞ എട്ടു വർഷമായി ജോലി സ്ഥിരതയും കൃത്യമായ ശമ്പളവുമില്ലാതെ നട്ടം തിരിയുന്നു. പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ള അദ്ധ്യാപകർ നിത്യച്ചെലവിനായി തട്ടുകട നടത്തുകയും പെയിന്റിംഗ് പണിക്ക് പോവുകയുമൊക്കെയാണ്. കൊവിഡ് കാലത്ത് ഓൺലൈൻ ക്ളാസുകളുണ്ടായിരുന്നെങ്കിലും ഇവർക്ക് ശമ്പളം ലഭിച്ചില്ല. നവംബർ ഒന്നിന് ക്ളാസുകൾ പുനരാരംഭിച്ചെങ്കിലും ശമ്പളം കിട്ടാൻ മാർച്ച് കഴിയണം. 1998ലെ ഹയർസെക്കൻഡറി സ്പെഷ്യൽ റൂൾ അനുസരിച്ച് ഒരു ബാച്ചിൽ 25 കുട്ടികൾ മതിയെന്നിരിക്കെയാണ് 2014ൽ അത് 50 കുട്ടികളാക്കി ഉയർത്തിയത്.ഒരു സ്ഥിരം അദ്ധ്യാപകൻ പോലുമില്ലാത്ത 10 സ്‌കൂളുകളുണ്ട്.