pond

 കാടുകയറി ഇരുപതിലധികം കുളങ്ങൾ

തിരുവനന്തപുരം: നേമം മേഖലയിൽ വിവിധ വാർഡുകളിലായി സ്ഥിതിചെയ്യുന്ന ജലസ്രോതസുകളായ കുളങ്ങളെ തിരിഞ്ഞുനോക്കാതെ നഗരസഭ. കാടുകയറി മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ് പ്രദേശത്തെ ഇരുപതിലധികം കുളങ്ങൾ. നഗരസഭാ പരിധിയിൽ ഏറ്റവുമധികം കുളങ്ങളുള്ള പ്രദേശമാണ് നേമം. പാപ്പനംകോട്, മേലാംകോട്, എസ്റ്റേറ്ര്, പൊന്നുമംഗലം, നേമം എന്നീ അഞ്ചു വാർഡുകളിലാണ് ഉപയോഗശൂന്യമായ കുളങ്ങളുള്ളത്. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും അടക്കം നിരവധി തവണ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം അവതരിപ്പിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതിൽ പൂഴിക്കുന്നിലെ തെങ്ങുവിള കുളം, എസ്റ്റേറ്റ് റോഡിലെ നന്തൻകോട് കുളം, നേമത്തെ തളിയാദിച്ചപുരം ശിവക്ഷേത്രത്തിന് സമീപത്തെ കുളം എന്നിവ ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും പ്രയോജനപ്പെടാതെ പോയതായാണ് നാട്ടുകാരുടെ പരാതി. 50 ലക്ഷം രൂപ മുടക്കിയാണ് ശിവക്ഷേത്രത്തിന് സമീപത്തെ കുളം നവീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയതല്ലാതെ മൂന്നു വർഷമായിട്ടും യാതൊന്നും നടന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.പൂഴിക്കുന്ന് ആലത്തറ കുളം, നമ്പുവിള കുളം, കോലിയക്കോട് തെന്നിവിളാകം കുളം, കൊറിണ്ടിക്കരി കുളം, എസ്റ്റേറ്റ് തെക്കേകര കുളം, പാപ്പനംകോട് കോണത്തുവിള കുളം തുടങ്ങിയവയെല്ലാം പുനരജ്ജീവനം തേടുകയാണ്.

 മാലിന്യ നിക്ഷേപം രൂക്ഷം

കുളങ്ങളിൽ പലതിലും രാത്രിയിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശോച്യാവസ്ഥിലുള്ള ജലസ്രോതസുകളെ കോർപ്പറേഷൻ മൂൻകൈയെടുത്ത് ശുചീകരിക്കണമെന്നും ആവശ്യം ശക്തമാണ്.

 കൈയേറ്റം വ്യാപകം

കുളങ്ങൾ ജലസമൃദ്ധമായിരുന്നപ്പോൾ സമീപത്തെ വീടുകളിലെ കിണറുകളിലും ധാരാളം വെള്ളമുണ്ടായിരുന്നു. കടുത്ത വേനലിൽ ഇപ്പോൾ നഗരം ചുട്ടുപൊള്ളുമ്പോൾ വീടുകളിലെ കിണറുകളും വറ്രുകയാണ്. കുളങ്ങളുടെ സംരക്ഷണ ഭിത്തികൾ തകർന്നതിനാൽ കൈയേറ്റവും രൂക്ഷമാണ്. കൂടാതെ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ കൊതുകുശല്യവും ദുർഗന്ധവും വർദ്ധിച്ചിരിക്കുകയാണ്.

 കണക്കെടുപ്പ് നടത്തണം

നഗരസഭയുടെ പരിധിയിൽവരുന്ന ജലസ്രോതസുകളെ കുറിച്ച് കണക്കെടുപ്പ് നടത്തി സർക്കാർ രേഖപ്രകാരം അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ ആവശ്യം. നേമം മേഖല റസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്‌മയായ ഫ്രാൻസിന്റെ ആവശ്യത്തിന് നഗരസഭ ഇതുവരെ ചെവികൊടുത്തിട്ടില്ല.കുളങ്ങളിലെ മാലിന്യം എടുത്തുമാറ്റാൻ പോലും നഗരസഭ തയ്യാറാകുന്നില്ലെന്ന് ഫ്രാൻസ് ജനറൽ സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. കുളവാഴകളും പായലുകളും നീക്കം ചെയ്യാനുളള നടപടിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.