
തിരുവനന്തപുരം: സ്വകാര്യ ബസിലെ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് പ്രതിഷേധത്തിനിടയാകാതിരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു കണ്ട ഉപായം ഉന്നംതെറ്റി. രണ്ടു രൂപകൊടുത്ത് യാത്ര ചെയ്യുന്നത് വിദ്യാർത്ഥികൾ നാണക്കേടായി കരുതുന്നുവെന്നും പലരും അഞ്ചു രൂപ കൊടുത്താൽ ബാക്കിവാങ്ങാറില്ലെന്നും പറഞ്ഞാണ് കൺസഷൻ നിരക്ക് ഉയർത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത്.
പിന്നാലെ,കെ.എസ്.യുവും ഭരണകക്ഷി വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും മന്ത്രിക്കെതിരെ തിരിഞ്ഞു. 10 വർഷം മുൻപാണ് കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്.ഇത് ആറു രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അതേസമയം, വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
`മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളി. മന്ത്രിയെ തിരുത്തിക്കും.കൺസഷൻ ഔദാര്യമല്ല, അവകാശമാണ്.
-കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്
`നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ്.മന്ത്രിയുടെ അഭിപ്രായം പ്രതിഷേധാർഹം.തിരുത്തണം.'
- എസ്.എഫ്. ഐ പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എം.എൽ.എ
' പ്രസ്താവന വിദ്യാർത്ഥി വിരുദ്ധം. അപമാനിക്കുന്നതിനു തുല്യം. മന്ത്രി മാപ്പ് പറയണം.
- എ.ഐ.എസ്.എഫ് പ്രസിഡന്റ് പി. കബീർ, സെക്രട്ടറി ജെ. അരുൺ ബാബു.