
പാലോട്: മലയോര മേഖലയെ തീരദേശ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സിറ്റി റേഡിയൽ സർവീസുകൾക്ക് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ തുടക്കമായി. മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിന്റെ ഫലമായാണ് നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് തലസ്ഥാനത്തേക്ക് സിറ്റി റേഡിയൽ സർവീസ് ആരംഭിച്ചത്.
വട്ടപ്പാറ - കുറ്റിയാണി പ്രദേശവാസികൾ ഏറെക്കാലമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യത്തിന് കൂടിയാണ് ഇതോടെ പരിഹാരമായത്. രണ്ടാഴ്ച മുൻപ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച ആറ് സിറ്റി ഷട്ടിൽ സർവീസുകൾക്ക് പുറമെയാണ് റേഡിയൽ സർവീസുകൾ. മന്ത്രി ജി.ആർ. അനിൽ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ദിവസവും രാവിലെ 7.20ന് നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന ബസ് സർവീസ് വട്ടപ്പാറ - കുറ്റിയാണി - പോത്തൻകോട് - ചന്തവിള - കഴക്കൂട്ടം - ലുലു മാൾ - ചാക്ക - ഈസ്റ്റ് ഫോർട്ട് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് 9.50ന് വിഴിഞ്ഞത്ത് എത്തിച്ചേരും. തിരികെ അവിടെ നിന്ന് 10.20ന് പുറപ്പെട്ടു 12.30ന് നെടുമങ്ങാട് ഡിപ്പോയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 1.30ന് നെടുമങ്ങാട് നിന്ന് തിരിച്ച് തിരികെ 6.50ന് നെടുമങ്ങാട് എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു.
ഡിപ്പോ പരിസരത്ത് വർദ്ധിച്ചു വരുന്ന മോഷണം തടയാനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനും അവലോകന യോഗം ചേരാനും അടിയന്തരമായി സി.സിടിവി കാമറകളും ഉച്ചഭാഷിണിയും സ്ഥാപിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, വാർഡ് കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, സിന്ധു കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.