
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ അതിഥികളായി ഒരു ജോഡി ഇഗ്വാനയും രണ്ട് പന്നിക്കരടികളും ഇന്നെത്തും. ഹൈദരബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ നിന്നാണ് ഇഗ്വാനകളെയും പന്നിക്കരടികളെയും എത്തിക്കുന്നത്. ഓന്ത് വർഗത്തിൽപ്പെട്ട ജീവിയാണ് ഇഗ്വാന. അമേരിക്കയിലാണ് ഇഗ്വാനയെ സാധാരണയായി കണ്ടുവരുന്നത്. ഇഗ്വാനയേയും പന്നിക്കരടികളെയും എത്തിക്കുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിലുള്ള നാലു ജോഡി റിയ പക്ഷികളെ നെഹ്റു സുവോളജിക്കൽ പാർക്കിന് കൈമാറി. അമേരിക്കൻ ഒസ്‌ട്രിച്ച് വിഭാഗത്തിൽപ്പെട്ട പക്ഷികളാണിത്. മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൈദരാബാദിൽ നിന്ന് പന്നിക്കരടികളും ഇഗ്വാനകളുമായി ലോറിമാർഗം എത്തുന്നത്. ഇവയെ അഞ്ചു ദിവസത്തിലധികം അനിമൽഹൗസിൽ പരിചരിച്ച ശേഷം മാത്രമേ തുറന്നകൂട്ടിലേക്ക് മാറ്റുകയുള്ളൂ.
സിംഹങ്ങൾ ഉടൻ വരും
മൃഗശാലയിലുള്ള സിംഹങ്ങൾക്ക് പ്രായമേറിയ സാഹചര്യത്തിൽ പുതിയ സിംഹങ്ങളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. മദ്ധ്യപ്രദേശിലെ ഇൻഡോർ മൃഗശാലയിൽ നിന്നാണ് രണ്ട് സിംഹങ്ങളെ എത്തിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായും അടുത്ത മാസത്തോടെ സിംഹങ്ങളെത്തുമെന്നും അധികൃതർ പറഞ്ഞു.
കൂടുതൽ മൃഗങ്ങളെ മൃഗശാലയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മൃഗശാലകളുടെ പെർഫോമൻസ് കണക്കിലെടുത്ത് ആവശ്യപ്പെട്ട തുക തന്നെയാണ് ബഡ്‌ജറ്റിൽ സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇത് കൂടുതൽ പ്രവർത്തനങ്ങൾക്ക് ശക്തിപകരും
എസ്. അബു,
മ്യൂസിയം - മൃഗശാല
ഡയറക്‌ടർ