
പോത്തൻകോട്: ചേങ്കോട്ടുകോണം മഠവൂർപ്പാറയ്ക്ക് സമീപം വൃത്തിയാക്കുന്നതിടെ കിണർ ഇടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. സ്വാമിയാർമഠം നാറാണത്ത് വീട്ടിൽ സന്തോഷാണ് (45) അപകടത്തിൽപ്പെട്ടത്. സ്വാമിയാർമഠം കുളക്കോട്ടുകോണം സുനിൽകുമാറിന്റെ പറമ്പിലെ 38 അടി താഴ്ചയുള്ള കിണറിലിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഉൾഭാഗം ഇടിഞ്ഞ് സന്തോഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. കഴുത്തോളം മണ്ണുമൂടിയ നിലയിലായ ഇയാളെ കഴക്കൂട്ടം, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ട്രൈപ്പോഡിന്റെയും റോപ്പിന്റെയും സേഫ്ടിബെൽറ്രിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി മണ്ണുമാറ്റി സന്തോഷിനെ പുറത്തെടുക്കുകയായിരുന്നു. രക്ഷാദൗത്യം ഒരുമണിക്കൂറോളം നീണ്ടു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഉമേഷാണ് കിണറിനുള്ളിലിറങ്ങിയത്. സ്റ്രേഷൻ ഓഫീസർമാരായ ഗോപകുമാർ, നിതിൻരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേഷ് കുമാർ, ഷാജി, ബൈജു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷൈൻ ബോസ്, രാഹുൽ, ജിതിൻ, സന്തോഷ്, അജേഷ്, രതീഷ്, ജീവൻ, സജിത്ത്, ബിജു, ഷഫീഖ്, ശിവകുമാർ, ഷഫീഖ് ജെ. സുരേഷ്, ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.