
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാദ്ധ്യമ രംഗത്തെ മികവിന് നൽകുന്ന സംസ്ഥാന മാദ്ധ്യമ പുരസ്‌കാരങ്ങളും ഫോട്ടോഗ്രാഫി അവാർഡുകളും 17ന് വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വിതരണം ചെയ്യും. മന്ത്രി ആന്റണിരാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ നൽകും. കൊവിഡ് സാഹചര്യത്തിൽ അവാർഡ് വിതരണം വൈകിയാണ് നടക്കുന്നത്. കേരളകൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ്. മണിക്കാണ് 2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. കാർട്ടൂണിസ്റ്റ് യേശുദാസനാണ് 2019ലെ പുരസ്‌കാരം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി. ആർ. അനിൽ,ശശിതരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്,കെ. ആർ. ജ്യോതിലാൽ,എസ്.ഹരികിഷോർ എന്നിവർ പങ്കെടുക്കും. രാത്രി 7ന് ഷഹബാസ് അമൻ നയിക്കുന്ന കലാപരിപാടിയും അരങ്ങേറും.