ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള ഗരുഡൻതൂക്ക നേർച്ച ഇത്തവണ രണ്ട് വില്ലുകളിലായി 301 ഭക്തന്മാർക്ക് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ 2020ലെ 200 തൂക്ക നേർച്ചകളും 2021 വർഷത്തെ 101 നേർച്ച തൂക്കവും ഉൾപ്പെടുത്തിയാണ് ഇക്കുറി ഗരുഡൻതൂക്ക നേർച്ച നടത്തുക. ക്ഷേത്രതന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ മന എൻ.പി സജി നമ്പൂതിരിപ്പാടിന്റെ നിർദേശത്തെ തുടർന്നാണ് അനുമതിയായത്. 26നാണ് മീനഭരണി ഉത്സവത്തിന് കൊടിയേറുന്നത്. ഏപ്രിൽ നാലിനാണ് ഗരുഡൻ തൂക്കം.

2021ലെ ബാക്കി 100 തൂക്ക നേർച്ചകളും നടപ്പുവർഷത്തെ 201 തൂക്കങ്ങളും നടത്തുന്നതിന് പിന്നാലെ തീരുമാനമെടുക്കുമെന്ന് ക്ഷേത്ര തന്ത്രി അറിയിച്ചു. 2020,2021 വർഷങ്ങളിൽ തൂക്കനേർച്ചയ്ക്ക് മുൻകൂട്ടി പണമടച്ചു രജിസ്റ്റർ ചെയ്‌തിട്ടുള്ള ഭക്തർ 25നകം രസീത് സഹിതം ക്ഷേത്രം ഓഫീസിലെത്തി ബാക്കി തുക അടയ്‌ക്കേണ്ടതാണ്. ശാർക്കര ക്ഷേത്രത്തിലേക്ക് ഉരുൾ വഴിപാട് നേർച്ചകൾ നടത്തുന്ന ഭക്തജനസംഘങ്ങളും ക്ഷേത്ര സമിതികളും വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നോട്ടീസ് സഹിതം അപേക്ഷകൾ നൽകണമെന്നും ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴിയും സെക്രട്ടറി അജയൻ ശാർക്കരയും സംയുക്തമായി അറിയിച്ചു.