cpi

തിരുവനന്തപുരം:സി.പി.ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം വാരിക

ചിന്തയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വീണ്ടും സി.പി.എം- സി.പി.ഐ പോരിന് കളമൊരുക്കി.

ലേഖനത്തിന് നവയുഗം വാരികയിലൂടെ മറുപടി നൽകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചപ്പോൾ, ചിന്തയിൽ വന്നത് വായനക്കാരന്റെ കുറിപ്പ് മാത്രമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. പ്രതികരണം സി.പി.എമ്മിന്റേതല്ല, ചിന്തയുടെ എഡിറ്റോറിയൽ നിലപാടുമല്ല. എന്നാൽ ലേഖനത്തിന്റെ പേരിൽ സി.പി.ഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കിൽ അത് നടത്തട്ടെ എന്ന് കൂടി കോടിയേരി കൂട്ടിച്ചേർത്തു.

ചിന്തയുടെ മാർച്ച് 11 ലക്കത്തിൽ പ്രസിദ്ധീകരിച്ച 'തിരുത്തൽവാദത്തിന്റെ ചരിത്ര വേരുകൾ' എന്ന ലേഖനത്തിൽ പറയുന്നത് :'സി.പി. എം 23-ാം പാർട്ടി കോൺഗ്രസിലേക്കും സി.പി.ഐ 24-ാമത് സമ്മേളനത്തിലേക്കും കടക്കുന്നതിനിടെയാണ് സി .പി .ഐ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയെന്ന് സ്വയം അവകാശപ്പെട്ടു രംഗത്തു വന്നിരിക്കുന്നത്. മുൻപ് പലപ്പോഴും വലതുപക്ഷ മാദ്ധ്യമങ്ങൾ സി.പി. എമ്മിനെ കുത്താനുള്ള ഒരുപാധിയായി സി.പി.ഐക്ക് ഈ പദവി ചാർത്തിക്കൊടുക്കാറുണ്ട്. എന്നാലിത്തവണ അവരാ പട്ടം സ്വയം എടുത്തണിയുന്നു .

സി.പി.ഐ സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനുള്ള രേഖ സ്വയം തിരുത്തുന്നതിനല്ല, സി.പി. എമ്മിനെ തിരുത്തുന്ന കാര്യമാണ് ചർച്ച ചെയ്യുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സി പി ഐ നേതൃത്വം ഈ പ്രസ്താവത്തെ നിഷേധിച്ചിട്ടുമില്ല '.മുതലാളിത്തത്തിന്റെ ആകർഷണവലയത്തിൽ വിപ്ലവപ്രസ്ഥാനം പെട്ട് പോകുമ്പോഴാണ് തിരുത്തൽവാദം പാർട്ടിയെ ഗ്രസിക്കുന്നതും അത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതും. 'ഇടതുപക്ഷത്തെ തിരുത്തൽ ശക്തി' എന്നൊക്കെയുള്ള വലതുപക്ഷ മാദ്ധ്യമ വായ്ത്താരികളെ വാരിപ്പുണരുന്നതും, മാറത്തണിയുന്നതുമൊക്കെ റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിർ പ്രകടനമായേ കണക്കാക്കേണ്ടതുള്ളൂ,'