ksr

നെയ്യാറ്റിൻകര: വനിതകളെ മാത്രം പങ്കെടുപ്പിച്ച് ഒരാഴ്ചയായി കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ച യാത്രാവാരം സമാപിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് മാത്രം 7 വനിതാ യാത്രകളാണ് സംഘടിപ്പിച്ചത്. ഒന്നരവയസുകാരി മരിയ പോൾ മുതൽ മുൻ കോളേജ് അദ്ധ്യാപിക 85 കാരി ബീന ഫ്രാൻസിസ് വരെ യാത്രയിൽ പങ്കെടുത്തു. കൊല്ലം ഡി.ടി.പി.സിയുമായി ചേർന്നാണ് മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, കൊല്ലം ബീച്ച് എന്നിവിടങ്ങളിലേക്ക് ആനവണ്ടി യാത്ര ഒരുക്കിയത്. സൗണ്ട് സിസ്റ്റവും ലൈറ്റിംഗും ഉൾപ്പെടെ പ്രത്യേകം ക്രമീകരിച്ച ബസുകളിലായിരുന്നു വനിതകളുടെ യാത്രകൾ.

വനിതകളുടെ യാത്രാ കൂട്ടായ്മയായ അപ്പൂപ്പൻ താടികൾ, നിംസ് മെഡിസിറ്റി, വനിതാ കണ്ടക്ടർ കൂട്ടായ്മ, ബോണ്ട് കൂട്ടായ്മ, ആൾ സെയിന്റ്സ് കോളേജ് വിദ്യാർത്ഥിനി സംഘം, കെ.എസ്.ആർ.ടി.സി വുമൺ ഫാൻസ്, ലൈഫ് ഫൗണ്ടേഷൻ എന്നീ വനിതാ കൂട്ടായ്മകളുടെ സഹകരണത്തിലായിരുന്നു കെ.എസ്.ആർ.ടി.സിയുടെ യാത്ര.

എ.ടി.ഒ മുഹമ്മദ് ബഷീർ, ജനറൽ സി.ഐ സതീഷ് കുമാർ, ടൂർ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് രശ്മി രമേഷ്, എസ്.ശ്യാമള, എസ്.ജി.രാജേഷ്, കെ.എസ്. ജയശങ്കർ, എം.എൻ.സതീഷ്, എം.എസ്.സജികുമാർ എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വനിതാ യാത്രാ വാരത്തിന്റെ സമാപനം കെ.എസ്.ആർ.ടി.സി ദക്ഷിണമേഖലാ എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ നിർവഹിച്ചു. ഡി.ടി.പി.സി ജില്ലാ ഓഫീസർ ഡോ. രമ്യാ .എസ്.കുമാർ, പ്രിനിൽ രാജേന്ദ്രൻ, വൈ. യേശുദാസ്, ആതിര, വിനിത, സജിത, മീര എന്നിവർ പങ്കെടുത്തു.

വനിതാ യാത്രകളിൽ പങ്കെടുത്തവർക്കായി കെ.എസ്.ആർ.ടി.സിയും നിംസ് മെഡിസിറ്റിയും സംയുക്തമായി യാത്രാവിവരണ രചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുത്തവർ യാത്രാ അനുഭവങ്ങൾ നാല് പുറത്തിൽ കവിയാതെ തയ്യാറാക്കി ടൂർ കോ-ഓർഡിനേറ്റർ, കെ.എസ്.ആർ.ടി.സി, നെയ്യാറ്റിൻകര പിൻ.695121എന്ന വിലാസത്തിലാണ് രചനകൾ അയക്കേണ്ടത്. കവറിന് മുകളിൽ 'വനിതാ യാത്രാവിവരണമത്സരമെന്ന് എഴുതണം. മികച്ച രചനകൾക്ക് കാഷ് അവാർഡും ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും. ഫോൺ: 9846067232.