
ചിറയിൻകീഴ്: കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുന്നു. കേരള വാട്ടർ അതോറിട്ടി ആറ്റിങ്ങൽ ഡിവിഷന്റെ അനാസ്ഥ മൂലം ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഗവൺമെന്റ് ആശുപത്രിക്ക് സമീപം, കുറ്റിയത്തുമുക്ക്, ശാർക്കര, ആൽത്തറമൂട് എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നത്. തീരദേശത്തും മറ്റ് പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി നിൽക്കുന്ന വേനൽക്കാലത്താണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിവസവും പാഴായിപ്പോകുന്നത്.
രേഖാമൂലം ടോൾഫ്രീ നമ്പറിലും നേരിട്ട് എ.ഇ, എ.എക്സ്.ഇ, ഇ.ഇ എന്നിവരോട് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർത്തില്ലെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അറിയിച്ചു.