
അന്യഭാഷ ചിത്രമായ കെ.ജി. എഫ് 2 ഏപ്രിൽ 14ന്,
കഴിഞ്ഞ രണ്ടു വിഷുക്കാലത്തും തിയേറ്ററുകൾ അടഞ്ഞുകിടന്നു
ഇത്തവണ വിഷുവിന് മലയാളം മേജർ റിലീസ് ഉണ്ടാവില്ല. കഴിഞ്ഞ രണ്ടു വർഷം വിഷുക്കാലത്ത് ലോക് ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞുകിടക്കുകയായിരുന്നു. 2020 മാർച്ച് 6ന് കപ്പേള എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു ലോക് ഡൗൺ. തുടർന്ന് തിയേറ്ററുകൾ അടച്ചുപൂട്ടി. കഴിഞ്ഞ വിഷുവിന് ഒരാഴ്ച മുൻപ് കുഞ്ചാക്കോ ബോബൻ ചിത്രം നിഴൽ, സണ്ണി വയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണി എന്നീ സിനിമകൾ റിലീസ് ചെയ് തെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടി.ഇപ്പോൾ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാമെങ്കിലും വിഷുവിന് മലയാളം മേജർ ചിത്രങ്ങളുടെ റിലീസ് ഉണ്ടാവില്ലെന്ന് ഉറപ്പ്.
കോലർ സ്വർണഖനിയുടെ കഥ പറഞ്ഞ ബ്രഹ്മാണ്ഡ കന്നട ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗം കെ.ജി.എഫ് 2 വിഷുദിനമായ ഏപ്രിൽ 14ന് ലോക വ്യാപകമായി റിലീസ് ചെയ്യും. അതിനാൽ മേജർ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് മലയാളം നിർമ്മാതാക്കൾ. റോക്കി ഭായ് എന്ന അധോലോക നായകനായി യാഷ് ഗംഭീരം പ്രകടനം രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.വില്ലൻ കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെ.ജി.എഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
ഒന്നാം ഭാഗം നേടിയ സൂപ്പർ വിജയം രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
പ്രകാശ് രാജ്, രവീണ ടാൻഡർ, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്,ശ്രീനിഥി ഷെട്ടി, ഇൗശ്വരി റാവു തുടങ്ങി വൻതാര നിര രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്.ആദ്യഭാഗം ഒരുക്കിയ പ്രശാശ് നീൽ തന്നെയാണ് കെ.ജി. എഫ് 2 സംവിധാനം ചെയ്യുന്നത്. 2018 ഡിസംബർ 21 നാണ് കെ.ജി. എഫ് റിലീസ് ചെയ്തത്. കർണാടകയിൽ ആദ്യദിനത്തിൽ 14 കോടി രൂപയാണ് കളക്ഷൻ. രണ്ടാഴ്ച കൊണ്ട് 100 കോടി ക്ളബിൽ എത്തി. ബാഹുബലിക്കുശേഷം ഇൗ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെ.ജി.എഫ്. സിനിമയുടെ ആകെ കളക്ഷൻ 225 കോടി രൂപയാണ്. 50 കോടി രൂപ ചെലവഴിച്ചാണ് കെ.ജി.എഫ് നിർമ്മിച്ചത്. കേരളത്തിൽ കെ.ജി. എഫ് 2 വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.അടുത്ത വിഷു മലയാള സിനിമയെ സമ്പന്നമാക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.