vayal-nikathunnu

കല്ലമ്പലം: ഭരണിക്കാവ് ഏലായിലെ വയലുകൾ നികത്തുന്നതിൽ ആശങ്കാകുലരായ പാടശേഖര സമിതി പ്രതിഷേധവുമായി രംഗത്ത്. വർഷങ്ങളായി തരിശായിക്കിടന്നിരുന്ന നെൽപ്പാടങ്ങൾ പാടശേഖര സമിതിയുടെയും കർഷകരുടെയും ശ്രമഫലമായി ഞാറ്റു പാട്ടിന്റെയും കൊയ്ത്തുത്സവത്തിന്റെയും പഴയ പ്രതാപത്തിലേക്ക് മടങ്ങുമ്പോഴാണ് പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് തന്നെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നികത്തൽ തകൃതിയായി നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറുതും വലുതുമായ നികത്തലും അതിനെത്തുടർന്നുള്ള അസ്വാരസ്യങ്ങളും നടക്കുമ്പോഴാണ് പാടശേഖര സമിതിയെയും നെൽകർഷകരെയും അമ്പരപ്പിക്കും വിധം യന്ത്രമുപയോഗിച്ചുള്ള നികത്തൽ വ്യാപകമായത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി നികത്തൽ നിറുത്തിവെപ്പിച്ചെങ്കിലും ഇതിനോടകം നികത്തൽ വ്യാപകമായി നടന്നിരുന്നു. പഞ്ചായത്തഗം നിസ്സ നിസാർ ജിയോളജി വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകി. പാടശേഖര സംരക്ഷണത്തിന് സമരമുഖത്തേക്കിറങ്ങുമെന്ന് പാടശേഖര സമിതിയും അറിയിച്ചു.