തിരുവനന്തപുരം: ആസൂത്രണ സമിതിയുടെ പ്രവർത്തനം ഫലപ്രദമാകാത്തതിനാൽ നഗരസഭ പ്രഖ്യാപിച്ച പല വമ്പൻ പദ്ധതികളും നടപ്പിലാകുന്നില്ലെന്ന് ആക്ഷേപം. പുതിയ ഭരണസമിതി അധികാരമേറ്റ് ഒരുവർഷം കഴിഞ്ഞിട്ടും പദ്ധതികൾക്ക് വേഗമില്ലെന്നാണ് പല കൗൺസിലർമാരും പറയുന്നത്.
ടൗൺഹാൾ, സിറ്റി ടവർ, ബഹുനില പാർക്കിംഗ് മന്ദിരങ്ങൾ, മോഡേൺ മീറ്റ് പ്രോസസിംഗ് യൂണിറ്റ്, ആധുനിക ക്രിമിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്റർ, മാതൃകാ റിംഗ് റോഡുകൾ, മേയേഴ്സ് ഭവൻ, വഴിയോര വിശ്രമകേന്ദ്രങ്ങൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ, ഡിജിറ്റലൈസിംഗ് സേവനങ്ങൾ, നഗരസഭ ഫ്യുവൽ സ്റ്റേഷൻ, വിളപ്പിൽശാല ഫാം ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയ ബൃഹത് പദ്ധതികൾക്കായി ബഡ്‌ജറ്റുകളിൽ തുക വകയിരുത്തുമെങ്കിലും യാഥാർത്ഥ്യമാകാറില്ല. ഭേദഗതി പദ്ധതികളും ഡി.പി.സി അംഗീകാരത്തിനായി കൃത്യസമയത്ത് നൽകാത്തതിനാൽ അതിന്റെ തുകയും വർഷാവസാനം ചെലവാക്കാതെ നഷ്ടപ്പെടുന്നുണ്ട്.
മാസത്തിൽ ഒരു തവണയെങ്കിലും ആസൂത്രണസമിതി വിളിച്ചുചേർക്കണമെന്നുണ്ടെങ്കിലും അതും നടപ്പാക്കുന്നില്ല. പല പദ്ധതികളിലും കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് നിയമാനുസൃതമല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതായും ആക്ഷേപമുണ്ട്. പദ്ധതികൾ ഏകോപിപ്പിക്കാൻ ആരംഭിച്ച വർക്കിംഗ് ഗ്രൂപ്പുകളും കഴിഞ്ഞ ഒരു വർഷമായി യോഗം ചേരാറില്ല. മാസത്തിൽ വർക്കിംഗ് ഗ്രൂപ്പ് ചെയർമാന്മാർ ആസൂത്രണസമിതി സംയുക്തമായി യോഗം കൂടി പദ്ധതികൾ വിലയിരുത്തണമെന്നാണ് നിർദ്ദേശം. ആസൂത്രണ സമിതിക്ക് പ്രത്യേകം മുറി ഒരുക്കണമെന്നുണ്ടെങ്കിലും നഗരസഭയിൽ അതുമില്ല.
ആസൂത്രണ സമിതി
-----------------------------------------
പൊതുപദ്ധതികളുടെ ആസൂത്രണം, അവലോകനം, നിർവഹണം എന്നിവയ്‌ക്കുവേണ്ടിയാണ് ആസൂത്രണസമിതി രൂപീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെയും മറ്റ് പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. പദ്ധതികൾ സമിതി രൂപീകരിച്ചാണ് നടപ്പാക്കേണ്ടതെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. മേയർ ചെയർമാനായും സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയാണിത്. എന്നാൽ നഗരസഭയിൽ സമിതിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.