
രോഗികൾ ആയിരത്തിൽ താഴെ കുറയുന്നത് ഒന്നര വർഷത്തെ പോരാട്ടത്തിന് ശേഷം
തിരുവനന്തപുരം : ഒന്നര വർഷത്തെ നിരന്തര പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരത്തിൽ താഴെ എത്തി. ഇന്നലെ രോഗബാധിതർ 885 ആയി കുറഞ്ഞു.
രോഗവ്യാപനത്തിൽ കുറവുണ്ടെങ്കിലും മാസ്ക്കും സാമൂഹ്യ അകലം പാലിക്കലും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2020 ആഗസ്റ്റ് മൂന്നിനാണ് പ്രതിദിന രോഗികൾ അവസാനമായി ആയിരത്തിൽ താഴെയെത്തിയത്. അന്ന് 962 പേരാണ് പോസിറ്റീവായത്. പിന്നാലെയുണ്ടായ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും ആയിരത്തിൽ താഴ്ന്നില്ല. മൂന്നാം തംരംഗത്തോടെ രോഗികളിൽ വലിയ വർദ്ധനവുണ്ടായി.43,529 പേർ രോഗബാധിതരായ മേയ് 12നാണ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം.
ഡിസംബർ 27ന് രണ്ടാംതരംഗം ശമിച്ച് കേസുകൾ 1636 ആയി കുറഞ്ഞു. ഒമിക്രോണിന്റെ വരവോടെ ജനുവരി ആദ്യവാരത്തോടെ മൂന്നാം തരംഗമായി. ജനവരി 25ന് 55,475 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൂന്നാംതരംഗം ഉച്ചസ്ഥായിലെത്തി.തുടർന്ന് ക്രമേണയുള്ള കുറവാണ് ഇന്നലെ ആയിരത്തിൽ താഴെ എത്തിയത്.
ചികിത്സയിലുള്ളവർ 8846
നിരീക്ഷണത്തിലുള്ളവർ 25,685
ആകെ മരണം 66,808
വാക്‌സിനെടുത്തവർ
18ന് മുകളിൽ-
ആദ്യ ഡോസ് 100% (2,69,20,589)
രണ്ടാം ഡോസ് 87% (2,32,08,395)
15 മുതൽ 17വരെ-
ആദ്യഡോസ് 78% (12,00,295)
രണ്ടാം ഡോസ് 43% (6,64,773)