parishodhikkunnu

വിതരണ കമ്പനി തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി

കല്ലമ്പലം: കിടപ്പുരോ​ഗിയായ വയോധികയുള്ള വീട്ടിൽ എത്തിച്ച എൽ.പി.ജി സിലിണ്ടറിൽ ചോർച്ച കണ്ട‌തിനെ തുടർന്ന് വിതരണ കമ്പനിയെ ഫോണിൽ അറിയിച്ചിട്ടും വിതരണക്കമ്പനി തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഇടപെടലിൽ ചോർച്ചയുള്ള സിലിണ്ടർ ലീക്ക് പരിഹരിച്ച് അ​ഗ്നിരക്ഷാ സേന. കല്ലമ്പലം ഞാറയിൽകോണം സരസത്തിൽ അലി അക്ബറാണ് ബുക്ക് ചെയ്ത് എത്തിച്ച സിലിണ്ടറിലെ ലീക്ക് ഉണ്ടായത്. കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയിൽ നിന്ന് നാലുദിവസം മുമ്പാണ് സിലിണ്ടർ എത്തിച്ചത്. ​വയോധികനായ അലിഅക്ബറും മരുമകളും ചേർന്ന് അടുപ്പിൽ സിലിണ്ടർ ഘടിപ്പിച്ചെങ്കിലും ​വലിയ ശബ്ദത്തോടെ ​ഗ്യാസ് ലീക്കാകുകയായിരുന്നു. ഈ വീട്ടിൽ അലി അക്ബറിന്റെ ഭാര്യ സാറാബീവി (77) കിടപ്പുരോ​ഗിയുമാണ്. ​ഗ്യാസ് വീടിന് പുറത്തെത്തിച്ച് വിതരണകമ്പനിയെ ഫോണിൽ വിളിച്ചറിയിച്ചിട്ടും ഞായറാഴ്ച ആയതിനാൽ ജീവനക്കാരില്ലെന്നും കമ്പനിക്കാർ അറിയിച്ചു. തുടർന്ന് കല്ലമ്പലം പൊലീസിലും ഫയർ‍ഫോഴ്സിലും വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസയെ നേരിട്ട് വിളിച്ചു, കളക്ടർ ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പുനല്കി. കളക്ടറിന്റെ നിർദ്ദേശത്തെ തുട‌ർന്ന് നാവായിക്കുളത്ത് നിന്ന് അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പാഞ്ഞെത്തി സിലിണ്ടറിന്റെ ലീക്ക് പരിഹരിച്ചു. അ​ഗ്നിരക്ഷാ സംഘത്തിൽ ‌അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ശ്രീകുമാർ, ഫയർ ഓഫീസർ കേശവകുമാരകുറുപ്പ്, എം.സലീഷ്, ശംഭു, ആർ.അരവിന്ദ്, വിഷ്ണു, ​ ഹോം ​ഗാർഡസ് സലിം, ഡ്രൈവർ അനീഷ് എന്നിവരുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് സമീപത്ത് ഒരു വീട്ടിലെ ചടങ്ങിന് എത്തിയിരുന്ന കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, ചെമ്മരുതി വില്ലേജ് ഓഫീസർ ജോജോ എന്നിവരും ഇവിടെ എത്തിയിരുന്നു.