1

വിഴിഞ്ഞം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ച കുട്ടികളുടെ വീട് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ഇന്നലെ വൈകിട്ടോടെ വീടുകളിലെത്തിയ മന്ത്രി കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. അപകടത്തിൽ വിഴിഞ്ഞം ടൗൺഷിപ്പ് കോളനി നിവാസികളായ നിസാമുദ്ദീൻ - ഫാത്തിമ കണ്ണ് ദമ്പതികളുടെ മകൻ നിസാർ (13), ഉബൈദ് റഹ്മാൻ - ഫാത്തിമ ദമ്പതിമാരുടെ മകൻ മെഹ്റൂഫ് (12) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം തിരയിൽപ്പെട്ട വിഴിഞ്ഞം കപ്പച്ചാൽ വീട്ടിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാനെ (12) ചിപ്പി തൊഴിലാളികൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ വിഴിഞ്ഞം ഹാർബർ റോഡ് ഐ.ബിക്ക് സമീപം ചെറുമണൽ തീരത്തെ കടലിൽ കുളിക്കുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു. സുധീർ എന്നിവരും മന്ത്രിയോടൊപ്പമുമുണ്ടായിരുന്നു.