photo

നെടുമങ്ങാട്: മരത്തിൽ കയറി കളിക്കുന്നതിനിടെ അതിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി പതിമൂന്നുകാരന്റെ ജീവൻ പൊലിഞ്ഞു. രക്ഷിക്കാൻ ശ്രമിച്ച അമ്മൂമ്മയ്ക്ക് സമീപത്തെ കുഴിയിൽ വീണ് പരിക്കേറ്റു. കരിപ്പൂര് മാണിക്കപുരം കുറുങ്ങണംകോട് തടത്തരികത്തു വീട്ടിൽ പരേതനായ സുരേഷ്, സിന്ധു ദമ്പതികളുടെ ഏക മകൻ സൂരജ് ആണ് മരിച്ചത്. മാണിക്കപുരം സെന്റ് തെരാസസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. സൂരജ് കയർ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയർ മുറിച്ചിട്ടു. ഇതിനിടെ പുഷ്പ കാൽവഴുതി സമീപത്തെ കുഴിയിൽ വീണു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിനെ രക്ഷിക്കാനായില്ല. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.