
വിതുര: വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത് മലയോരത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി. കാട്ടാന, കാട്ടുപന്നി എന്നിവയെക്കൂടാതെ അപകടകാരികളായ കാട്ടുപോത്തുകൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അടുത്തിടെ വിതുര, പാലോട് എന്നിവിടങ്ങളിൽ നാട്ടിലിറങ്ങിയ കാട്ടുപോത്ത് മൂന്നുപേരെയാണ് കുത്തിപ്പരിക്കേല്പിച്ചത്.പാലോട് പുളിച്ചാമലയിൽ യുവാവിന് കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം.കാട്ടുപോത്തിന്റെ ശല്യം കാരണം രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണിവർ. കാട്ടുപോത്തുകളെ കാട്ടിലേക്ക് വിരട്ടിയോടിക്കാൻ വനംവകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.
കൃഷി നാശം
കാട്ടുപോത്ത് വാഴ, പച്ചക്കറിക്കൃഷികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുകയാണ്. അടുത്തിടെ ചാരുപാറ, ജ്ഞാനിക്കുന്ന് വഴി ചായം പ്രദേശത്താണ് കൃഷിനാശമുണ്ടായത്. നാട്ടുകാർ കാട്ടുപോത്തിനെ ഒാടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. കൂട്ടം തെറ്റിയതുമൂലമാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയതെന്നാണ് വനപാലകർ പറയുന്നത്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷന് സമീപത്തുള്ള തോട്ടം കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമാണ്. ഇവിടെ പകൽസമയത്ത് പോലും കാട്ടുപോത്തുകളുടെ ശല്യമുണ്ട്.വെളുപ്പിന് റബർ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾക്ക് നേരേയും, പത്രവിതരണത്തിനെത്തിയ ഏജന്റുമാർക്ക് നേരെയും പരക്കെ ആക്രമണമുണ്ടാകുന്നു. കൂട്ടം തെറ്റിയെത്തുന്ന കാട്ടുപോത്തുകൾ റബർതോട്ടങ്ങളിൽ തമ്പടിക്കുകയാണ് പതിവ്. കാട്ടുപന്നികൾ പട്ടാപ്പകൽ നാട്ടിലിറങ്ങി രണ്ടുപേരേ കുത്തി ഗുരുതരമായി പരിക്കേല്പിച്ച സംഭവവും ഉണ്ട്.