വിതുര: ഒടുവിൽ വലിയവേങ്കാട്-ഉരുളുകുന്ന് റോഡിന് ശാപമോക്ഷമായി. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി 10 ലക്ഷംരൂപ അനുവദിച്ചു. ജി. സ്റ്റീഫൻ എം.എൽ.എയുടെ ശ്രമഫലമായാണ് അടിയന്തരമായി ഫണ്ട് അനുവദിച്ചത്. മൂന്ന് പ്രധാന ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേമല വലിയവേങ്കാട്– ഉരുളുകുന്ന്-മീനാങ്കൽ റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായി മാറിയിട്ട് വർഷങ്ങളേറയായി. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി ഫെബ്രുവരി 20ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് എം.എൽ.എ അടിയന്തരമായി റോഡ് സന്ദർശിക്കുകയും ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നിലവിൽ റോഡിലൂടെയുള്ള യാത്ര അതിവദുഷ്ക്കരമാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈക്കുകൾ മറിഞ്ഞ് നിരവധി യുവാക്കൾക്ക് പരിക്കേറ്റിരുന്നു. തൊളിക്കോട്, ആര്യനാട്, വിതുര ഗ്രാമപഞ്ചായത്തുകളെയാണു റോഡ് ബന്ധിപ്പിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്രാദുരിത പൂർണമായിട്ട് വർഷം മൂന്നാകുന്നു.
പൊന്മുടി -തിരുവനന്തപുരം സംസ്ഥാന ഹൈവേയിൽ തൊളിക്കോട് തോട്ടുമുക്കിൽ നിന്നും തിരിയുന്ന മേമല റോഡിലെ വലിയവേങ്കാട് നിന്നും ആരംഭിക്കുന്ന റോഡ് നൂറ് കണക്കിനു പേർ ദിവസവും ആശ്രയിക്കുന്നു. ആര്യനാട്, വിതുര പഞ്ചായത്ത് ഭരണസമിതികൾ അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആര്യനാട്, വിതുര പഞ്ചായത്ത് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചിരുന്നു.
തുക റെഡി...
വിതുര പഞ്ചായത്തിലെ ആനപ്പാറ-നാരകത്തിൻകാല റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും 10 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ മഴക്കാലത്താണ് റോഡ് ഏറെ ശോചനീയാവസ്ഥയിലായത്. ഇതോടെ റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറി. തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട് -ആടാംമൂഴി റോഡ് ടാറിംഗ് നടത്തുന്നതിനും പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഒരു കോടി അനുവദിച്ചു
അരുവിക്കര നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലുമായി കാലവർഷക്കെടുതിയിൽ തകർന്ന പത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കുവാൻ ഒരു കോടി രൂപ അനുവദിച്ചതായി ജി. സ്റ്റീഫൻ എം.എൽ.എ അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.