
എച്ച് എന്ന ചിത്രത്തിലൂടെ ഒത്തുചേരൽ
ഉർവശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാക്സ്വെൽ ജോസ് സംവിധാനം ചെയ്യുന്ന എച്ച് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ശ്രീനിവാസൻ. അരവിന്ദന്റെ അതിഥികൾക്കുശേഷം ശ്രീനിവാസനും ഉർവശിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റിൽ എച്ചിന്റെ ചിത്രീകരണം ആരംഭിക്കും. മൂന്നുവർഷം മുൻപ് വി.എം. വിനു സംവിധാനം ചെയ്ത കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനും ധ്യാനും ആദ്യമായി ഒന്നിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച ശേഖരൻകുട്ടി എന്ന കഥാപാത്രത്തിന്റെ ചെറുപ്പമാണ് ചിത്രത്തിൽ ധ്യാൻ അവതരിപ്പിച്ചത്. ഇതിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അതേസമയം അഭിനേതാവ് എന്ന നിലയിൽ ധ്യാൻ ശ്രീനിവാസന് നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സായാഹ്ന വാർത്തകൾ, പ്രകാശൻ പറക്കട്ടെ, ഹുഗ്വിറ്റ, ഖ്യാലിപഴ്സ്, പാർട്ട്ണേഴ്സ്,വീകം, ജോയ് ഫുൾ എൻജോയ്, ഉടൽ, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ. ഇതിൽ ജോയ് ഫുൾ എൻജോയ് ചിത്രീകരണ ഒരുക്കത്തിലാണ്. അതേസമയം ഇടവേളയ്ക്കുശേഷം ശ്രീനിവാസൻ അഭിനയരംഗത്തു സജീവമായി. ലൂയിസ് എന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രമായാണ് ശ്രീനിവാസൻ എത്തുന്നത്. നവാഗതനായ ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്ന ലൂയിസ് കോന്നിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സത്യൻ അന്തിക്കാട്, ജയറാം, മീര ജാസ്മിൻ ചിത്രം മകൾ ആണ് ശ്രീനിവാസന്റേ തായി റിലീസിന് ഒരുങ്ങുന്നത്. ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനാണ് ശ്രീനിവാസൻ അവസാനം തിരക്കഥ രചന നിർവഹിച്ചത്.