
കെ-റെയിൽ വണ്ടി ഒടുവിൽ കേരളനിയമസഭയിൽ കൂകിപ്പാഞ്ഞു. ' ഹേ, കേ!'
കെ-റെയിലിന്റെ ആഘാത-പ്രത്യാഘാതങ്ങൾ സഭയ്ക്കകത്ത് ചർച്ച ചെയ്യുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിലാപം സർക്കാർ കേട്ടു. അതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല. ഭരണപക്ഷം പറഞ്ഞത് പ്രതിപക്ഷവും പ്രതിപക്ഷം പറഞ്ഞത് ഭരണപക്ഷവും ഉൾക്കൊണ്ടില്ല. പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞു. സ്പീഡിൽ മാത്രം വികസനം കാണുന്നത് 60 വർഷം പഴക്കമുള്ള വികസന പരിപ്രേക്ഷ്യമാണെന്ന് പ്രതിപക്ഷനേതാവും. ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയില്ലെന്ന് പരിഭവിച്ച് അവസാനം പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേ...കേ!
ശൂന്യവേളയിൽ പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസാണ് സഭ ചർച്ചയ്ക്കെടുത്തത്. ചർച്ചയ്ക്ക് എൻജിൻ പുകയൊക്കെ പറപ്പിച്ച് കൂകിപ്പായുന്ന തീവണ്ടിയുടെ ഇഫക്ടുണ്ടായിരുന്നു. പ്രത്യേകിച്ച് ഭരണപക്ഷത്ത് എ.എൻ.ഷംസീറും കെ.ടി. ജലീലും പ്രസംഗിക്കുമ്പോൾ. ഇവരുടെ പ്രസംഗത്തിന്റെ അന്ത്യയാമത്തിലെ ആവേശത്തിന് ഭരണപക്ഷനിര ഡസ്കിലിടിച്ച് താളമിട്ടത് ആസൂത്രിത തീരുമാനത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷവും തിരിച്ചറിഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനൊടുവിൽ അവരും അത് പരീക്ഷിച്ചു. തീവണ്ടിയോടുമ്പോൾ റെയിൽപാളം കുലുങ്ങുന്ന പ്രതീതി. സമയപരിധിയറിയിച്ച് സ്പീക്കറുടെ മണി മുഴങ്ങിയപ്പോൾ അത് ട്രെയിനിന്റെ ചൂളംവിളി പോലെയായി.
രണ്ട് മണിക്കൂർ സെമി ഹൈസ്പീഡ് വണ്ടി ചീറിപ്പാഞ്ഞിട്ടും പുറപ്പെട്ടിടത്ത് തന്നെ നിൽക്കുകയാണോ വണ്ടിയെന്ന് തോന്നിപ്പിച്ചതാണ് കെ-റെയിൽ ചർച്ചയുടെ ബാക്കിപത്രം. ഹേ...കേ!
ഒക്ടോബർ 13 ന് ഇതേ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് ചർച്ച നിഷേധിച്ചവർ ഇപ്പോൾ ചർച്ചയ്ക്ക് വഴങ്ങിയത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ആശ്വസിച്ചത് പ്രമേയാവതാരകനായ പി.സി. വിഷ്ണുനാഥാണ്. കെ-റെയിലും കെ-ഫോണും പോലെ കേരള പൊലീസിന്റെ കെ-ഗുണ്ടായിസമാണ് പദ്ധതിയുടെ പേരിൽ നടക്കുന്നതെന്ന് കല്ലിടലിനെതിരായ സമരത്തിനെതിരായ പൊലീസ് നടപടിയെ വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിക്ക് ജനം മാൻഡേറ്റ് തന്നതിനാൽ നിങ്ങളുടെ ചീട്ട് വേണ്ടെന്ന് എ.എൻ. ഷംസീർ പ്രതിപക്ഷത്തോട് പറഞ്ഞു. ഷംസീറിന് പങ്കുവയ്ക്കാൻ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. 2025ഓടെ കെ-റെയിൽ നടപ്പാകുമ്പോൾ യു.ഡി.എഫിന്റെ സ്ഥിരം സീറ്റ് അവിടെത്തന്നെയാവുമെന്ന് അതിലൊന്നാണ്. ആയിരങ്ങളുടെ വിലാപം കേൾക്കുന്നില്ലേയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
കുഞ്ഞ് ജനിക്കും മുമ്പേ കൊല്ലണോ എന്ന് ചോദിച്ച സി.പി.ഐയിലെ പി.എസ്. സുപാൽ, കെ-റെയിലിനേക്കാൾ മറ്റ് പലതും പറഞ്ഞ് യു.ഡി.എഫിനെ കുറ്റപ്പെടുത്താനാണ് നോക്കിയത്. സി.പി.ഐയുടെ ഉന്നതനേതാക്കളുടെ കൊച്ചുമക്കൾ കാനംരാജേന്ദ്രനെ കണ്ട് കെ-റെയിലിനെതിരെ പരാതി പറയാനിരിക്കുമ്പോൾ സുപാലിന് ഇങ്ങനെയേ പറ്റൂവെന്ന് എം.കെ. മുനീർ ചിന്തിച്ചു.
നോർത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേക്ക് ഇത്ര ചെലവില്ലെന്നാണ് പി.ജെ. ജോസഫിന്റെ വാദം. കെ-റെയിലിനെ ജിയോഗ്രഫിക്കൽ ബോംബായി കണ്ടത് അനൂപ് ജേക്കബാണ്. വിഷ്ണുനാഥിന്റെ പ്രമേയാവതരണം കേട്ടപ്പോൾ മല എലിയെ പ്രസവിച്ച പോലെയാണ് വി.ജോയിക്ക് തോന്നിയത്.
കെ-റെയിലിലൂടെ ലാഭിക്കുന്ന സമയം നൽകുന്ന അനന്തസാദ്ധ്യതകളിലേക്ക് കെ.ടി.ജലീൽ ഇറങ്ങിച്ചെല്ലുമ്പോൾ കെ-റെയിൽ സ്വപ്നവണ്ടി ചൂളം വിളിച്ച് കുതിച്ചുപാഞ്ഞു. ഒരു ഡോക്ടർക്ക് രണ്ട് മണിക്കൂർ ലാഭിക്കാനായാൽ എത്ര രോഗികളെ ചികിത്സിക്കാമെന്ന് അദ്ദേഹം ചോദിച്ചു.
പാവപ്പെട്ടവന്റെ ഗതാഗതസംവിധാനത്തെ സ്വാഭാവികമരണത്തിന് വിട്ടുകൊടുത്ത് വരേണ്യവർഗത്തിനായി സിൽവർ ലൈൻ കൊണ്ടുവരുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഇതിന്റെ സാദ്ധ്യതാപഠനങ്ങളിലും വിശദപദ്ധതിരേഖയിലും ഡാറ്റാ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണം അദ്ദേഹമുയർത്തി. കേരളത്തെ ബനാന റിപ്പബ്ലിക്കാക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നൽകി. ഏതെല്ലാം രീതിയിൽ പദ്ധതിയെ ഇല്ലാതാക്കാമെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിൽ മുഖ്യമന്ത്രി കണ്ടത്. ഡാറ്റാ കൃത്രിമത്തെപ്പറ്റിയൊന്നും മറുപടി പറയാൻ തുനിഞ്ഞില്ല.
ബഡ്ജറ്റിന്മേൽ പൊതുചർച്ച തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗവർണറെ പഴി പറഞ്ഞു. ഗവർണറുടെ വിലപേശലിന് ഒരിക്കലും നിന്നുകൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. സർക്കാരിനായിരിക്കാം ചിറ്റയത്തിന്റെ ഉപദേശം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് എം.പിമാർ നിവേദനവുമായി കേന്ദ്രത്തെ സമീപിച്ചപ്പോൾ കെ.കെ. ശൈലജ ആശിച്ചത് കെ-റെയിലിന് അനുവാദവും വാങ്ങിക്കൊണ്ട് വരുമെന്നാണ്. വെറുതെ മോഹിക്കുവാൻ മോഹം എന്നല്ലാതെന്ത് പറയാൻ!
പ്രഖ്യാപനങ്ങളുടെ ശവപ്പറമ്പായി മാറുന്ന ബഡ്ജറ്റുകളെ കുറച്ചുവർഷങ്ങളായി കണ്ടുവരുന്നതിലെ സങ്കടം എ.പി. അനിൽകുമാർ പറഞ്ഞുതീർത്തു.
കെ-റെയിലിലെ അടിയന്തരപ്രമേയം തള്ളിക്കഴിഞ്ഞപ്പോഴായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട് പ്രഖ്യാപനം. ബഡ്ജറ്റിന്റെ പൊതുചർച്ചയിൽ ഇനിയും പ്രാസംഗികർ ബാക്കിയിരിപ്പുണ്ടായിരുന്നു. സ്പീക്കർ അതോർക്കാതെ സഭ പിരിയുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ അവരന്തിച്ച് പോയിക്കാണണം. പെട്ടെന്ന് തിരുത്തി സ്പീക്കർ അവരുടെ നിരാശ മാറ്റിക്കൊടുത്തു.