തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ കെട്ടിടങ്ങൾ നിർമ്മിച്ചശേഷം വൈദ്യുതീകരണത്തിന് വേണ്ടി ടെൻഡർ നൽകുന്ന രീതി അവസാനിപ്പിക്കുമെന്നും കെട്ടിടം പണിക്കൊപ്പം ഇലക്ട്രിക്കൽ ടെണ്ടറും നൽകുന്ന കോംപോസിറ്റ് ടെൻഡർ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കെട്ടിടം നിർമ്മിച്ചതിന് ശേഷം ഇലക്ട്രിക്കൽ പണികൾക്ക് ടെൻഡർ നൽകുന്നതിനാൽ പണിപൂർത്തിയായ കെട്ടിടങ്ങൾ യഥാസമയം തുറന്ന് നൽകാനാകുന്നില്ല. കൂടാതെ പൂർത്തിയായ കെട്ടിടങ്ങൾ ഇലക്ട്രിക്കൽ ജോലികൾക്കായി കുത്തിപ്പൊളിക്കുന്നതും ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

റോഡ്പണികളുടെ കാലതാമസം ഒഴിവാക്കാൻ വർക്കിംഗ് കലണ്ടർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിന് മുമ്പേ പണികൾ തീർക്കുന്ന കോൺട്രാക്ടർമാർക്ക് ബോണസ്‌ നൽകുന്നത് പുനരാരംഭിക്കും. പൊതുമരാമത്ത്‌ സെക്ഷൻ ഓഫീസുകൾ ജോലിഭാരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനഃക്രമീകരിക്കുമെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകി.