തിരുവനന്തപുരം : സംസ്ഥാനത്ത് വെഡ്ഡിംഗ് ടൂറിസത്തിന്റെ വലിയ സാദ്ധ്യതയുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ നടപടികൾ ആരംഭിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസവും പരിഗണനയിലാണ്.
ഹോം സ്റ്റേ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക ഡിജിറ്റൽ മാർക്കറ്റിംഗ് പദ്ധതിക്ക് രൂപം നൽകി. ഇതുവരെ കണ്ടെത്താത്ത ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിക്കാൻ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ആവിഷ്കരിക്കും.
ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നത് തടയാൻ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളെ വിന്യസിക്കുന്ന പദ്ധതിക്ക് രൂപം നൽകും. മലയോര മേഖലകളിലെ വിനോദകേന്ദ്രങ്ങളിലേക്കുള്ള മോട്ടോർ ബൈക്ക് സവാരി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.