
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ജംഗ്ഷനിൽ സ്വപ്രയത്നത്തിലൂടെ സിസി ടിവി കാമറകൾ സ്ഥാപിച്ച് മെമ്പർ.
പഞ്ചായത്തിലെ കൊടുക്കറ വാർഡ് അംഗമായ മലവിള രാജേന്ദ്രൻ മുൻകൈയെടുത്താണ് 'ഞാൻ ഇവിടെയുണ്ട് 'പദ്ധതി നടപ്പാക്കിയത്.
ബിരിയാണി ചലഞ്ച് നടത്തിയും, സുഹൃത്തുക്കളുടെയും സുമനസുകളുടെയും വ്യാപാരികളുടെയും, കുടുംബശ്രീ അംഗങ്ങളുടെയും പിന്തുണയോടെയാണ് മലവിള രാജേന്ദ്രൻ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കിയത്.
കോട്ടൂർ ജംഗ്ഷനിൽ നാല് കാമറകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചത്. സമീപത്തായി നിരീക്ഷണ മുറിയും ഒരുക്കിയിട്ടുണ്ട്. ലൈവായി പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, വാർഡ് അംഗം മലവിള രാജേന്ദ്രൻ, നെയ്യാർ ഡാം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജോയ് എന്നിവരുടെ മൊബൈയിലിലേക്ക് കാമറ ദൃശ്യങ്ങൾ ലഭിക്കും.
50000 രൂപയാണ് പദ്ധതി ചെലവ്. രണ്ടാംഘട്ടമായി കൊടുക്കാറ വാർഡിലും, എരുമക്കുഴി വാർഡിലും, ഉത്തരംകോട് സ്‌കൂൾ, കോട്ടൂർ സ്‌കൂൾ എന്നിവിടങ്ങളിലും കാമറ സംവിധാനം ഒരുക്കുമെന്ന് മലവിള രാജേന്ദ്രൻ പറഞ്ഞു. കോട്ടൂരിൽ നടന്ന ചടങ്ങിൽ സി.സി ടിവി കാമറകൾ നെയ്യാർഡാം ഇൻസ്‌പെക്ടർ ബിജോയ് സ്വിച്ച് ഓൺ ചെയ്തു. വാർഡ് മെമ്പർ മലവിള രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ലതിക, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസാർ മാങ്കുടി, രശ്മി അനിൽകുമാർ, ശ്രീദേവി സുരേഷ്, സുനിതകുമാരി, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.