തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് തിയേറ്റർ ഉടമകളുടെ യോഗം മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 18 മുതൽ 25 വരെ നഗരത്തിലെ വിവിധ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. തിയേറ്ററുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച്‌ യോഗം വിലയിരുത്തി.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുണ്ടെങ്കിലും സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ക്രമീകരണങ്ങൾ ഒരുക്കും. മേള പൂർണമായും ഹരിതചട്ടം പാലിച്ച് നടത്താനും തീരുമാനിച്ചു. ഓരോ ഷോ കഴിയുമ്പോഴും തിയേറ്ററുകൾ ശുചീകരിക്കുന്നത് നഗരസഭാ ഹെൽത്ത് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പൊലീസ്, ഫയർഫോഴ്സ്, വാട്ടർഅതോറിട്ടി, കെ.എസ്.ഇ.ബി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പുവരുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.