തിരുവനന്തപുരം: കാൻസർ രോഗികൾക്ക് നൽകുന്ന പെൻഷൻ വർദ്ധിപ്പിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. പെൻഷൻ വർദ്ധിപ്പിക്കാത്തത് രോഗികളോട് കാണിക്കുന്ന അവഗണനയാണ്. വർദ്ധനവ് നടപ്പിലാക്കാത്ത പക്ഷം സെക്രട്ടേറിയറ്റ്,​ കളക്ടറേറ്റുകൾ, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഉപവാസം സംഘടിപ്പിക്കുമെന്നും സൊസൈറ്റി അറിയിച്ചു. പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ജി.സന്തോഷ് കുമാർ,​ ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ ജോജി മാത്യു ജോർജ്, വൈസ് പ്രസിഡന്റ് അരുൺദാസ് എന്നിവർ പങ്കെടുത്തു.