
 നിർമ്മാണം ഏകോപിപ്പിക്കാൻ ഉന്നത സമിതിയെ നിയോഗിക്കും
തിരുവനന്തപുരം:സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ അധികൃതരോട് ഗതാഗത തടസമുണ്ടാകാതെ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രിതല നിർദ്ദേശം.സ്മാർട്സിറ്റി പദ്ധതി പ്രകാരം നഗരത്തിൽ 464.3 കോടി രൂപ ചെലവിൽ നടത്തുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രിമാരായ വി.ശിവൻകുട്ടി,അഡ്വ.ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അധികൃതർക്ക് നിർദ്ദേശം നൽകിയത്.നഗരത്തില പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ജനങ്ങൾ വലയുകയാണ്.സ്കൂൾ വിദ്യാർത്ഥികളും ആശുപത്രിയിൽ പോകുന്ന രോഗികളും പല ദിവസങ്ങളിലും മണിക്കൂറോളം റോഡിൽ കുരുങ്ങിക്കിടക്കുന്നുണ്ട്. പരാതികൾ കൂടിയതോടെയാണ് മന്ത്രിതലത്തിൽ യോഗം ചേർന്നത്.
റോഡ് നിർമ്മാണ വേളയിൽ നഗരത്തിൽ ഗതാഗതതടസം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്ന് യോഗം പ്രത്യേകം നിർദ്ദേശിച്ചു.യഥാസമയം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തെ എം.എൽ.എമാരെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനമായി. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,അഡ്വ.വി.കെ. പ്രശാന്ത്,കളക്ടർ നവജ്യോത് ഖോസ,മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
നഗരത്തിനുള്ളിൽ 46.79 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്
ആദ്യ രണ്ടു ഘട്ടങ്ങളിൽ എൻ.എച്ചിന്റെ ഉടമസ്ഥതയിൽ പി.ഡബ്ല്യു.ഡി 6.426 കിലോമീറ്റർ റോഡ് നിർമ്മിക്കും
 119.85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്
മൂന്നാംഘട്ടത്തിൽ കെ.ആർ.എഫ്.ബിയുടെ ഉടമസ്ഥതയിൽ 16.598 കിലോമീറ്റർ റോഡ് നിർമ്മിക്കും ഇതിനായി 124.27 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്
നാലാം ഘട്ടത്തിൽ പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന 13.913 കിലോമീറ്റർ റോഡിന് 129.19 കോടി രൂപയാണ് ചെലവ്
പിന്നീടുള്ള ഘട്ടങ്ങളിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ 9.856 കിലോമീറ്റർ റോഡ് നിർമ്മിക്കും ഇതിന് 90.99 കോടി രൂപയാണ് ചെലവഴിക്കുന്നത്