തിരുവനന്തപുരം: ഗവർണറുടെ വിലപേശലിന് മുന്നിൽ ഒരിക്കലും നിന്നു കൊടുക്കേണ്ടതില്ലെന്ന് നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

നയപ്രഖ്യാപനത്തിന് മുന്നോടിയായി ഗവർണർ നടത്തിയ നാടകീയനീക്കങ്ങൾ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള നിലപാടിനെ ശരി വച്ചു കൊണ്ട് ഡെപ്യൂട്ടി സ്പീക്കറുടെ പ്രസംഗം. ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ചല്ലാതെ, സ്വന്തം ഇഷ്ട പ്രകാരം പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയാണ് ഗവർണറുടെ കർത്തവ്യം. എന്നാൽ അത് മനസ്സിലാക്കാതെ മുന്നോട്ട് പോകുന്ന കാഴ്ചപ്പാടാണ് ഗവർണറുടേത്. രാജ്യത്തിന്റെ ഫെഡറലിസം, ബഹുസ്വരത, അഭിപ്രായസ്വാതന്ത്ര്യം, മതനിരപേക്ഷത എന്നിവയെയെല്ലാം തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ അജൻഡ വച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരള ഗവർണറുടെ സമീപനങ്ങൾ. ഏറ്റവും ഭയാനകമായ വിരുദ്ധ സാഹചര്യങ്ങളെ സമർത്ഥമായി നേരിടാൻ സഹായിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ കുത്തകമുതലാളിമാർക്ക് വിട്ടുനൽകുകയും നഷ്ടത്തിലോടുന്ന സ്വകാര്യസ്ഥാപനങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ശരിക്കും കുത്തകമുതലാളിമാർക്ക് മാത്രം വേണ്ടിയുള്ള സർക്കാരായി മാറിയെന്നും ചിറ്റയം കുറ്റപ്പെടുത്തി.

ലോകത്തിന് മുന്നിൽ കേരളം വീണ്ടും തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് ബഡ്ജറ്റിലുള്ളതെന്ന് കെ.കെ. ശൈലജ പറഞ്ഞു. ധനകാര്യ മാനേജ്മെന്റിന്റെ സമ്പൂർണ പരാജയം വ്യക്തമാക്കുന്നതാണ് ബഡ്ജറ്റെന്ന് എ.പി. അനിൽകുമാർ (കോൺഗ്രസ്) കുറ്റപ്പെടുത്തി. ഇ.കെ. വിജയൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡോ.എൻ. ജയരാജ്, കെ.കെ. രമ, കെ.എൻ. ഉണ്ണികൃഷ്ണൻ, കോവൂർ കുഞ്ഞുമോൻ, ഐ.ബി. സതീഷ്, മാത്യു കുഴൽനാടൻ, തോട്ടത്തിൽ രവീന്ദ്രൻ, എച്ച്. സലാം, എൻ.എ. നെല്ലിക്കുന്ന്, മുഹമ്മദ് മുഹസിൻ, റോജി എം.ജോൺ, പി. നന്ദകുമാർ എന്നിവരും സംസാരിച്ചു.