തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ബാദ്ധ്യസ്ഥരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുതലപ്പൊഴിയിലെ ദുരന്തങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് വർഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടും സർക്കാർ മൗനത്തിലാണ്. ഇതിനെ മുതലപ്പൊഴിയെന്നല്ല, മരണപ്പൊഴിയെന്നാണ് വിളിക്കേണ്ടത്. മുതലപ്പൊഴിയിൽ അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നതെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. ഇവിടെ ശാസ്ത്രീയമായി പുലിമുട്ട് വിന്യസിക്കുന്നതുവരെ മത്സ്യബന്ധനം നടത്താൻ സുരക്ഷിത പാതയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ യേശുദാസൻ സ്റ്റീഫൻ, അജയകുമാർ, അൻവർ ഷാ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, സേവ്യർ, ഔസേപ്പ് ആന്റണി എന്നിവർ പങ്കെടുത്തു.