
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഒരുവർഷവും എട്ടു മാസത്തിനും ശേഷമാണ് മരണങ്ങളില്ലാത്ത ദിവസമുണ്ടാകുന്നത്. ഒന്നരവർഷത്തിന് ശേഷം ഞായറാഴ്ച പ്രതിദിന രോഗികൾ ആയിരത്തിൽ താഴെ എത്തിയ നാടിന് കൂടുതൽ ആശ്വാസമാണിത്. ഇന്നലെ 809 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. 4.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുൻ ദിവസങ്ങളിലെ ഏഴു മരണങ്ങളും അപ്പീൽ നൽകിയ 71 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി. എട്ട് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 1597 പേർ രോഗമുക്തരായി.