പാലോട് : പാലോട്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ഡി.കെ. മുരളിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പെരിങ്ങമ്മല, വിതുര ആദിവാസി മേഖലയിലെ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ പരിപാടികൾ ഊർജ്ജിതമാക്കും. പട്ടികജാതി പട്ടികവർഗമേഖലകളിൽ യുവാക്കളെ ലഹരിയിൽ നിന്നു പിൻതിരിപ്പിക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. 'ലഹരിക്കെതിരെ കായിക ലഹരി'എന്ന മുദ്രാവാക്യത്തോടെ ഫുട്‌ബാൾ ടീമുകൾ രൂപീകരിച്ച് പരിശീലിപ്പിക്കും. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗക്കാരായ രക്ഷാകർത്താക്കൾക്ക് കൗൺസലിംഗ് നൽകുന്നു. ഞാറനീലി സെറ്റിൽമെന്റ് പ്രദേശത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നുണ്ട്. കരിയർ മാർഗ്ഗനിർദ്ദേശ കേന്ദ്രങ്ങൾ, പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം, സ്‌പോർട്‌സ് ടീമുകളുടെ രൂപീകരണം, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി വിവിധ ബോധവൽകരണ പ്രവർത്തനങ്ങളും വകുപ്പ് നടത്തുന്നുണ്ട്. പെരിങ്ങമല, വിതുര തുടങ്ങിയ ആദിവാസി ഊരുകളിൽ രണ്ട് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹചെയ്തതുമായി ബന്ധപ്പെട്ട് യുവതി യുവാക്കൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.