തിരുവനന്തപുരം: മത സൗഹാർദ്ദത്തെ നെഞ്ചോട് ചേർത്ത വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹാളിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്‌മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിനതീതമായി അദ്ദേഹം വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചു. കേരളത്തിന്റെ മത സൗഹാർദ്ദം സംരക്ഷിക്കണമെന്ന് എല്ലാക്കാലത്തും ചിന്തിച്ച അദ്ദേഹം അനാഥ മന്ദിരങ്ങളുടെ ചുമതലക്കാരനായി ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃക സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കി കലാപ രഹിതമായ സമൂഹം സൃഷ്ടിക്കാൻ ശ്രമിച്ച മഹദ് വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്‌ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എൽ.എ മാരായ എം.കെ. മുനീർ, പി.ഉബൈദുള്ള, നജീബ് കാന്തപുരം, കുറുക്കോളി മൊയ്‌ദീൻ, മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു.