
തിരുവനന്തപുരം: സംഗീതജ്ഞൻ ദേവരാജൻ മാസ്റ്ററുടെ പതിനാറാം ചർമവാർഷികത്തിൽ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്‌മരണം നടത്തി.അദ്ദേഹത്തിന്റെ ശിഷ്യരും പിന്നണി ഗായകരും അനുസ്മരണ ചടങ്ങിൽ സന്നിഹിതരായി.മാസ്റ്ററുടെ പ്രിയ സുഹൃത്തും കവിയുമായ ഒ.എൻ.വി. കുറുപ്പിന്റെ പ്രശസ്തമായ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണമിട്ട വരിക ഗന്ധർവ്വഗായകാ... എന്ന ഗാനം മാസ്റ്ററുടെ പ്രിയ ശിഷ്യൻ കല്ലറ ഗോപന്റെ നേതൃത്വത്തിൽ രാജീവ് ഒ.എൻ.വി, പ്രകാശ്, രവിശങ്കർ, രാജലക്ഷ്മി ഖാലിദ്, ഒ.കെ.രവിശങ്കർ തുടങ്ങിയവർ ഗാനാർച്ചനയായി നൽകി. ഇത്തവണ മാസ്റ്റർക്ക് ഗാനാർച്ചന സമർപ്പിക്കാൻ തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളും പങ്കാളികളായി.വയലാർ ദേവരാജൻ ടീമിന്റെ ആദ്യഗാനമായ ബലികുടീരങ്ങളേ..എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാൻ തൊഴിലാളികളും പങ്കുചേർന്നു.ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജയമോഹൻ, സെക്രട്ടറി കരമന ഹരി തുടങ്ങിയവർ പങ്കെടുത്തു.